കോഴിക്കോട്: ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും ആരോഗ്യ കേരളത്തിന്റേയും നെഹ്‌റു യുവ കേന്ദ്രയുടേയും ആഭിമുഖ്യത്തില്‍ കുടുംബ ക്ഷേമ, കുടുംബാസൂത്രണ മാര്‍ഗങ്ങളെ കുറിച്ച് വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി. ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ വര്‍ധനവുമൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍, അത് ലഘൂകരിക്കുന്നതിനായി ഓരോരുത്തരുടേയും പങ്ക്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വീകരിക്കാവുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. ബാലുശ്ശേരി താലൂക്ക്ആ ശുപത്രി സൂപ്രണ്ട് ഡോ. കെ.കെ സുരേഷന്‍ ക്ലാസെടുത്തു.
ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട ടാഗ് ലൈന്‍ ‘ആരോഗ്യമുള്ള കുടുംബം എന്റെ ഉത്തരവാദിത്വം’ പരിപാടിയില്‍ പ്രകാശനം ചെയ്തു. കൂടാതെ പുകയില വിരുദ്ധ ദിനത്തില്‍ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ സംസ്ഥാനതല വിജയികള്‍ക്ക് സമ്മാനവും നല്‍കി. ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ജലജാ മണി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ. മുഹമ്മദ് മുസ്തഫ, എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സി. ദിവ്യ എന്നിവര്‍ സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്, റെഡ്‌ക്രോസ്, ലയേണ്‍സ്, ജേസീസ്, റോട്ടറി തുടങ്ങിയവയിലെ 152 സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.