ചാലക്കര പുരുഷു
മാഹി: പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ ചിലവഴിച്ച് പ്രകൃതി സൗഹൃദ നവീകരണം നടത്തിയ മൂപ്പന്‍ കുന്ന് ഇപ്പോള്‍ അനാഥാവസ്ഥയില്‍ കാട്കയറിക്കിടക്കുന്നു. കടലും പുഴയും ഇഴചേരുന്ന തീരത്തെ പഴയ ഫ്രഞ്ച് മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവിന് പിറകിലെ കുന്നാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥമായിക്കിടക്കുന്നത്. അത്യപൂര്‍വ്വ നിബിഡ മരങ്ങളുള്ള ഈ കുന്നിലാണ് ഫ്രഞ്ചുകാര്‍ ഉപയോഗിച്ചിരുന്ന കൊടിമരം സൂക്ഷിച്ചിട്ടുള്ളത്. ലൈറ്റ് ഹൗസും ഈ കുന്നിലാണുള്ളത്. അസ്തമയ സൂര്യന്റെ വര്‍ണ്ണ ഭംഗിയടക്കം കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള രണ്ട് നിലകളിലുള്ള നിരീക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. കുന്നിലേക്കുള്ള പഴയ നാട്ടുപാതയിലെ അലങ്കാര ദീപങ്ങളത്രയും മിഴിയടച്ചു കഴിഞ്ഞു .ഫ്രഞ്ചുകാര്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് വെള്ളം ചൂടാക്കിയിരുന്ന പ്രത്യേകതരം വലിയ സിമന്റ് പാത്രവും ഇവിടെ കാണാം. ഇതിന് പുറമെ ചെറു വിശ്രമകേന്ദ്രങ്ങളുമിവിടെയുണ്ട്.
ടിപ്പു സുല്‍ത്താന്‍ ഫ്രഞ്ച് ഭരണകാലത്ത് മയ്യഴി സന്ദര്‍ശിച്ചപ്പോള്‍ വിശ്രമിച്ചത് ഈ കുന്നിലെ പാറയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഹില്‍ ടോപ്പിലേക്ക് പ്രവേശനത്തിന് 10 രൂപ വീതം സന്ദര്‍ശകരില്‍ നിന്ന് ഈടാക്കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ് ഇവിടം വൃത്തിയായി സൂക്ഷിച്ചു വച്ചിരുന്നത്. ഇവരുടെ കരാര്‍ കാലാവധി കഴിഞ്ഞ് മൂന്ന് മാസമായിട്ടും കരാര്‍ പുതുക്കി നല്‍കിയിട്ടില്ല. കാലവര്‍ഷം തുടങ്ങുകയും, ശുചീകരണ ജീവനക്കാര്‍ ഇല്ലാതാവുകയും ചെയ്തതോടെ, മയ്യഴിയുടെ ടൂറിസം ഭൂപടത്തിലെ തിലകക്കുറിയായിരുന്ന മൂപ്പന്‍ കുന്ന് കാട് പിടിച്ച് കിടപ്പാണ്. ഇവിടം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു.സാമൂഹ്യ വിരുദ്ധരുടേയും, ലഹരി ഉപഭോക്താക്കളുടേയും, കമിതാക്കളുടേയും ഇഷ്ട കേന്ദ്രമായി കാട് മൂടിയ ഈ ചരിത്ര ഭൂമിക മാറ്റപ്പെട്ടിരിക്കുകയാണ്.