മാഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി താരിഫ് ഉണ്ടായിരുന്ന മാഹിയില്‍ ഇപ്പോള്‍ ഭീമമായ വൈദ്യുതി ചാര്‍ജാണ് ഉപഭോക്താക്കള്‍ക്ക് അടയ്‌ക്കേണ്ടി വരുന്നത്. ഉപഭോക്താവ് കണക്ഷന്‍ അപേക്ഷയില്‍ കാണിക്കുന്ന പരമാവധി വാട്‌സിനുള്ള സംഖ്യ അത് ഉപയോഗിച്ചിട്ടില്ലെങ്കിലും പണം അടയ്ക്കണം. ഒരു കിലോവാട്‌സിന് 30 രൂപ വെച്ച് 10 കിലോവാട്‌സ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവ് 300 രൂപ നല്‍കേണ്ടി വരും. ആദ്യത്തെ 100 യുണിറ്റിന് 35 പൈസയും, 101 മുതല്‍ 200 വരെ 30 പൈസയും നല്‍കണം. ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതുച്ചേരി വൈദ്യുതി വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ പരമാവധി ചാര്‍ജ് കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയും അതുവഴി സ്വകാര്യ ഏജന്‍സികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. കടകള്‍ക്ക് ഒരു കിലോവാട്‌സിന് 75 രൂപയാണ് ഈടാക്കുന്നത്. 10 കിലോ ഉപയോഗിക്കുന്നവര്‍ 750 രൂപ നല്‍കണം.
വീട്ടുകാര്‍ വൈദ്യുതി തീരെ ഉപയോഗിക്കാതെ വീട് പൂട്ടി പോയാലും പ്രതിമാസം പരമാവധി ഉപയോഗത്തിനുള്ള വാടക നല്‍കിയിരിക്കണം.അതേ സമയം വൈദ്യുതി വിതരണം നിലയ്ക്കാത്ത ദിവസങ്ങളില്ല. മഴ പെയ്താലും കാറ്റടിച്ചാലും ആ ദിവസങ്ങളില്‍ ഇരുട്ടില്‍ കഴിയേണ്ടിവരും. വീഴാറായ വൈദ്യുതി പോസ്റ്റുകള്‍ ഇതുവരെ മാറ്റിയിട്ടില്ല . വൈദ്യുതി കമ്പികളോ തെരുവ് വിളക്കുകളോ സ്റ്റോക്കില്ല. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ, വാഹന സൗകര്യങ്ങളോ ഇല്ല. പൊട്ടിയ കമ്പി മാറ്റിയിടാന്‍ പുതിയവയില്ല. പഴയ കമ്പികള്‍ തന്നെ ഉപയോഗിക്കേണ്ടി വരുന്നു. ഇതു വഴി പ്രസരണനഷ്ടവുമുണ്ടാകുന്നു. അറ്റകുറ്റപ്പണികള്‍ക്കുള്ള അവശ്യസാധനങ്ങളുമില്ല. ഇത്തരത്തില്‍ വൈദ്യുതി ബില്ലിലുണ്ടാകുന്ന അനിയന്ത്രിതമായ വര്‍ധനവില്‍ ഉപഭോക്താക്കള്‍ക്ക് വളരെയേറെ പ്രതിഷേധമുണ്ട്.