കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാതല വില്‍പ്പനയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഏജന്റ്മാര്‍ക്ക് ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ടിക്കറ്റ് പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തില്‍ അവതരിപ്പിക്കുന്നത്. സമ്മാന തുകയോടൊപ്പം സമ്മാനങ്ങളുടെ എണ്ണവും ഗണ്യമായി ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും, 5000 രൂപയുടെ അഞ്ചാം സമ്മാനം 72000 പേര്‍ക്കും ലഭിക്കും. ആകെ 126 കോടി 31 ലക്ഷം രൂപയോളം സമ്മാനത്തുകയിനത്തില്‍ കൈമാറും. സമാശ്വാസ സമ്മാനം 5 ലക്ഷം വീതം 9 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഭാഗ്യക്കുറി മേഖലയിലെ അനധികൃത പ്രവണതകള്‍ തടയുന്നതിനായി സെക്യൂരിറ്റി ഫീച്ചേഴ്സ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഫ്‌ളൂറസന്റ് കളറിലാണ് ഓണം ബമ്പര്‍ പുറത്തിറങ്ങുക. കൂടാതെ മറ്റ് ബംബറുകളില്‍ നിന്നും വ്യത്യസ്തമായി 90 ജി.എസ്.എം പേപ്പറിലാണ് ഇത്തവണ ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 2000 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കി തിരുവോണം ബംബര്‍ ആരംഭിച്ചത്. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ തുകയില്‍ ക്രമാതീതമായി വര്‍ധനവ് വരുത്തി. ഈ വര്‍ഷമാണ് ഒന്നാം സമ്മാനതുക 25 കോടിയായി ഉയര്‍ത്തിയത്. സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.എന്‍. പ്രവീണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍ സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എ. ഷേര്‍ലി നന്ദിയും പറഞ്ഞു. ലോട്ടറി ഏജന്റുമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.