മൊകവൂര്‍: ബസ് യാത്രാ സൗകര്യമുള്ള അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മൊകവൂര്‍ എന്‍.എച്ച് അടിപ്പാത ജനകീയ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി കുണ്ടൂപ്പറമ്പില്‍ നിന്നും കുനിമ്മല്‍താഴം വഴി മൊകവൂരിലേയ്ക്ക് സ്ഥിരം ബസ് സര്‍വ്വീസ് ഉള്ളതാണ്. ആറുവരി ദേശീയപാത പൂര്‍ത്തികരിക്കുന്നതോടു കൂടി ഈ പ്രദേശത്തെ ബസ് യാത്രാ സൗകര്യം നഷ്ടപ്പെടും. ബസ് യാത്രാ സൗകര്യമുള്ള അടിപ്പാത ലഭിക്കണമെന്ന് ആവ്യശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും തക്ക നടപടി സ്വീരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്ന ജനകീയ സമിതി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ജനകീയ സമിതി ഓഫിസില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ കുനിമ്മല്‍ താഴത്തും പെരിങ്ങിണി ജംഗ്ഷനിലും ബസ് യാത്രാ സൗകര്യമുള്ള അടിപ്പാത ലഭിക്കുന്നത് വരെ സമരപരിപാടികള്‍ നടത്തുവാന്‍ തീരുമാനമായി. ഇതിന് മുന്നോടിയായി അടുത്തയാഴ്ച ദേശീയ പാതയുടെ മൊകവൂര്‍ കുനിമ്മല്‍ താഴത്ത് ധര്‍ണ്ണാ സമരവും സത്യഗ്രഹവും നടത്തും. ജനകീയ സമിതി ചെയര്‍മാന്‍ കെ.ടി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.എം തുഷാര മുഖ്യ പ്രഭാഷണം നടത്തി. വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പി. ചന്തു , കെ.വാസുദേവന്‍, വെള്ളാംകൂര്‍ രാഹുല്‍ , സുശാന്ത്.കെ, പി. ഗോപാലകൃഷ്ണന്‍, ടി.എസ്.പ്രേമ, ശൈലജ ജയകൃഷ്ണന്‍,ബിജു. പി.കെ, അനിത വത്സന്‍ ,സജിത പാലംതലയ്ക്കല്‍ , ഇ. പി മനോഹരന്‍ , എന്‍ .എം ഗണേഷ് ബാബു, പി. ആനന്ദകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമിതി കണ്‍വീനര്‍ അനില്‍കുമാര്‍ .സി സ്വാഗതവും ട്രഷറര്‍ രാവുണ്ണിക്കുട്ടി കെ.പി നന്ദിയും രേഖപ്പെടുത്തി.