തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനകമ്പനിയുടെ യാത്രാ വിലക്കിനെതിരേ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നടന്ന് പോകേണ്ടിവന്നാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. അത് നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ്. മാന്യമായ വിമാന കമ്പനികള്‍ വേറെയുമുണ്ട്. നിലവാരം ഇല്ലാത്ത കമ്പനിനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാഴ്ച്ചത്തേക്കാണ് ഇ.പി ജയരാജന് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പിണറായി വിജയന്റെ യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതിഷേധിച്ചത്.