- 22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അന്വേഷണത്തിന് ഒരാഴ്ച കൂടി വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. കൂടാതെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്നും അതിനായി മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.
അതേസമയം ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ശരത്താണെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും 80 ഓളം പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്.
ദിലീപിന്റെ കൈവശം ദൃശ്യങ്ങള്‍ എത്തിയെന്നതിന് മൂന്ന് കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഒന്ന് ശരത് വീട്ടില്‍ കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ്. ദൃശ്യങ്ങളെ കുറിച്ച് ദിലീപും സഹോദരന്‍ അനുപൂം സുഹൃത്ത് ശരത്തുമടക്കമുള്ളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. അനൂപിന്റെ ഫോണിന്റെ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുള്ള നാല് പേജ് വിവരണം ലഭിച്ചിരുന്നു. ഇതും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.