തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വടക്കുമ്പാട് മഠത്തുംഭാഗത്തെ പുതിയ വീട്ടില്‍ കെ.അനീഷ്‌കുമാറിന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്. വ്യക്തികളുടെ സ്വകാര്യനിമിഷങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ഗൗരവമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പറഞ്ഞു. പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത് കുമാര്‍ ഹാജരായി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷ കുമാറിനേയും പന്ന്യന്നൂരിലെ കെ.വിജേഷിനേയും സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.