ഷാര്‍ജ : പുസ്തകങ്ങളെ തൊട്ട് സത്യംചെയ്യുന്ന ലോകത്ത് അക്ഷരങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയാന്‍ സാധിക്കുമെന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ . ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ പുസ്തകങ്ങള്‍ തേടിയെത്തുന്ന കാലത്ത് എഴുത്തുകാരനെന്നനിലയില്‍ ജീവിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്. ഓരോ പുസ്തകത്തിലും ഓരോ മനുഷ്യരുടേയും ഹൃദയമുണ്ട്. എഴുത്തും വായനയും ലാഭക്കച്ചവടത്തിനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാലയിലേക്ക് ഇടുങ്ങിയ വഴിയാണെങ്കിലും അറിവിനായി നമ്മള്‍ അവിടേക്ക് എത്തിച്ചേരുമെന്ന് പുതിയകാലം ബോധ്യപ്പെടുത്തുന്നു. എന്നാല്‍, അമൂല്യമായ അക്ഷരങ്ങളുപയോഗിച്ച് ‘ടോയ്ലറ്റ് എഴുത്തുകള്‍’ സൃഷ്ടിക്കുന്ന മനുഷ്യരുമുണ്ടെന്ന് ഈ ലോകം നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യരുടെ ആന്തരികസ്പന്ദനം തിരിച്ചറിയാന്‍ വായനയിലൂടെ സാധിക്കണം. അതാണ് യഥാര്‍ഥവായനയെന്നും സുഭാഷ് ചന്ദ്രന്‍ ഓര്‍മിപ്പിച്ചു. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് സുഭാഷ് ചന്ദ്രന്‍ മറുപടി നല്‍കി. ചടങ്ങില്‍ അഡ്വ. വൈ.എ റഹീം, സുനില്‍രാജ്, സി.പി ജലീല്‍ പുന്നക്കല്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.