- മൂന്ന് ആഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ അച്ചടക്ക നടപടിയുമായി ഇന്‍ഡിഗോ. നടപടിയുടെ ഭാഗമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍ഡിഗോ വിമാന കമ്പനി. മൂന്ന് ആഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് കുറിച്ച് യാതൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണസമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിേര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരേ കേസ് എടുത്തപ്പോള്‍ ഇ.പിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ.പി ജയരാജന്‍ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇ.പിക്കെതിരായ നിരവധി പേര്‍ നല്‍കിയ പരാതികളും പോലിസ് തള്ളിയിരുന്നു.