ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മത്സരം.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപതി മുര്‍മുവിലൂടെ വിജയം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
എംപി മാര്‍ക്ക് പച്ചയും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 നാണ് വോട്ടെണ്ണല്‍. പത്ത് മണിക്ക് പാര്‍ലമെന്റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. ജൂലൈ 21നാണ് വോട്ടെണ്ണല്‍.
ഇതിനോടകം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ആം ആദ്മി പാര്‍ട്ടിയും സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.