കണ്ണൂര്‍: തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ ദമ്പതികള്‍ക്ക നേരെ സദാചാര പോലിസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പോലിസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തലശ്ശേരി എ.സിയുടേതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പോലിസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.
എന്നാല്‍, സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പോലിസ് പ്രത്യുഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല. കടല്‍ പാലത്തുവച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പോലിസ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നുമാണ് റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ കൊണ്ടുപോയി പോലിസ് മര്‍ദിച്ചുവെന്ന് പ്രത്യുഷ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡി.ഐ.ജിക്ക് കൈമാറി.
അതേസമയം, പ്രത്യുഷിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന പോലിസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. പ്രത്യുഷിന് ദേഹം മുഴുവന്‍ പരുക്കേറ്റിട്ടുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പോലിസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രത്യുഷിന് ദേഹമാസകലം പരുക്കേറ്റു എന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു.
ഇടതുകണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരുക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പോലിസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പോലിസ് അകാരണമായി മര്‍ദ്ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.