- മാളിനുള്ളില്‍ മതാരാധന അനുവദിക്കില്ലെന്ന് അധികൃതര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളിന് അകത്ത് നിസ്‌കരിച്ചവര്‍ക്ക് എതിരേ കേസെടുത്ത് പോലിസ്. ലുലു ഗ്രൂപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് അധികൃതരും പരാതി നല്‍കിയിരിക്കുന്നത്. മാളിനകത്ത് ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡും മാള്‍ മാനേജ്‌മെന്റ് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, മാള്‍ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ എത്തിയ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്നും പോലിസ് പറഞ്ഞു.
ജൂലൈ 10നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ഇതിനു പിന്നാലെ ഇവിടെ സന്ദര്‍ശനത്തിനെത്തിയ ചിലര്‍ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രഹിന്ദു സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. ‘ലുലു മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ട് മാളില്‍ ആളുകള്‍ നിസ്‌കരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാള്‍ കേന്ദ്രീകരിച്ച് ലൗജിഹാദിന് ശ്രമം നടക്കുന്നതായും ഇവര്‍ പ്രചരിപ്പിച്ചു.
അഖില ഭാരത ഹിന്ദു മഹാസഭയാണ് ആളുകള്‍ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതേസമയം നിസ്‌കരിച്ചവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ലുലു ഗ്രൂപ്പിന്റെ 235-ാമത് സംരംഭമാണ് യു.പിയിലെ മാള്‍. ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളും ഇതാണ്. 22 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന മെഗാ മാള്‍ 4,800 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കും. വിവിധ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്.