തിരുവന്തപുരം: മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. യു.എ.ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോകളിലെ ഡ്രൈവര്‍മാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷകളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇതിലെ ഡ്രൈവര്‍മാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍, രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കാര്‍ ഡ്രൈവറെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. അതേസമയം രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച രണ്ടു യാത്രികരെ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തിലാക്കി.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയായ യുവാവിന്റെ ആരോഗ്യനില തൃപ്തീകരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരും വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നുമാണ് നിര്‍ദേശം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.