ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും പരസ്പരം ബഹുമാനം നല്‍കി പ്രവര്‍ത്തിക്കുകയെന്നതാണ് രീതി. എന്നാല്‍, പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ശത്രുതയിലേക്ക് വഴിമാറുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന്റെ ആരോഗ്യപരമായ ലക്ഷണമല്ല. ജയ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച പാര്‍ലമെന്റ് ചേരാനിരിക്കെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത്, ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അതുപോലെ
അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകളും പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. അഴിമതി,കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.