ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്ത് പ്രതിഷേധിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താ കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി. അച്ചടിച്ചിട്ടുള്ള സാമഗ്രികള്‍ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ വിലക്കുകളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വിലക്കുകള്‍ നേരത്തേയും ഉണ്ടായിരുന്നതാണ്. ഇവ പാലിക്കണമെന്നും നിര്‍ദേശം നല്‍കി. പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ഉത്തരവ്. സെക്രട്ടറി ജനറലാണ് പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ല.
അതേസമയം അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകളും പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. അഴിമതി,കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.