-
ചാലക്കര പുരുഷു
തലശ്ശേരി: ജനറല്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ കൃത്യനിഷ്ഠ പാലിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരേ അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. ഒ.പി ഡ്യൂട്ടിയില്‍ വൈകിയെത്തുന്നതും എക്‌സ് റേ റിപ്പോര്‍ട്ട് പോലും വിശദമായി നോക്കാതെ രോഗികളെ പറഞ്ഞു വിടുന്നതും ആരോപണവിധേയമായി. അനസ്‌തേഷ്യ ഡോക്ടരുടെ കൈക്കൂലിയും ചര്‍ച്ച ചെയ്യപ്പെട്ടു. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സൗകര്യപ്രദമായ സ്ഥലത്ത് നിന്നും ദൂരെ മാറ്റി സ്ഥാപിച്ചതിലെ അനൗചിത്വവും ചൂണ്ടിക്കാട്ടി. വാര്‍ഡുകളിലെ ചോര്‍ച്ചയും വാര്‍പ്പു ഭാഗങ്ങള്‍ ഇടക്കിടെ അടര്‍ന്നുവീഴുന്നതും പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യമുയര്‍ന്നു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി അധ്യക്ഷത വഹിച്ചു. അഡ്വ.എ.എന്‍ ഷംസീര്‍ എം.എല്‍.എ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവി, എം.സി പവിത്രന്‍, സി.കെ രമേശന്‍, വാഴയില്‍ ശശി, വാഴയില്‍ വാസു, പൊന്യം കൃഷ്ണന്‍, എം.പി അരവിന്ദാക്ഷന്‍, എം.പി സുമേഷ്, ആര്‍.എം.ഒ ഡോക്ടര്‍ ജിതിന്‍, മറ്റ് ഡോക്ടര്‍മാരായ വിജുമോന്‍, അനിഷ് എന്നിവരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സംബന്ധിച്ചു.