വികസ്വര കോഴിക്കോടിനു നവപാര്‍പ്പിടസംസ്‌കാരവുമായി ഊരാളുങ്കലിന്റെ ‘വണ്‍ ആന്തെം’

വികസ്വര കോഴിക്കോടിനു നവപാര്‍പ്പിടസംസ്‌കാരവുമായി ഊരാളുങ്കലിന്റെ ‘വണ്‍ ആന്തെം’

കോഴിക്കോട് ഐ.ടി നഗരം വികസനക്കുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനൊത്ത അത്യാധുനികപാര്‍പ്പിടസമുച്ചയം ഒരുക്കി ഊരാളുങ്കല്‍ സൊസൈറ്റി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി നഗരത്തില്‍ നെല്ലിക്കോട്ട് യു.എല്‍ സൈബര്‍ പാര്‍ക്കിനോടു ചേര്‍ന്നു നിര്‍മാണം പൂര്‍ത്തിയാക്കിയ ‘വണ്‍ ആന്തെം’ അപ്പാര്‍ട്ട്‌മെന്റ് നാടിനു പരിചയപ്പെടുത്തി. ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ സോഫ്റ്റ് ലോഞ്ചിങ് മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വഹിച്ചു. യു.എല്‍.സി.സി.എസിന്റെ ഉപസ്ഥാപനമായ യു.എല്‍ ഹൗസിങ്ങിനുകീഴില്‍ ‘യുഎല്‍ സ്പേസ്അസ്’ (UL SpaceUs) എന്ന ബ്രാന്‍ഡില്‍ നടപ്പാക്കുന്ന പാര്‍പ്പിടനിര്‍മാണപദ്ധതിയിലെ ആദ്യ അപ്പാര്‍ട്ട്മെന്റാണ് ‘വണ്‍ ആന്തെം’ (One Anthem).
പുതിയ തലമുറയുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഒരിടം എന്നതാണ് ലക്ഷ്യമിടേണ്ടതെന്നു മേയര്‍ പറഞ്ഞു. ”യു.എല്‍ സ്പേസ്അസിലൂടെ അത്തരം സമഗ്രമായ ഒരിടം എന്ന മാതൃകയാണ് യു.എല്‍.സി.സി.എസ് ഒരുക്കുന്നത്. ‘നടന്നെത്താം തൊഴിലിടത്തേക്ക്’ എന്ന ആശയംകൂടിയാണ് ഈ പദ്ധതിയിലുടെ സാര്‍ത്ഥകമാകുന്നത്.” ഇന്ധനോപയോഗം കുറയ്ക്കാന്‍ കഴിയുന്നത് അടക്കമുള്ള ഹരിതനിര്‍മിതിയാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

സൊസൈറ്റി അതിന്റെ വൈവിധ്യവത്ക്കരണത്തിന്റെ പാതയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി താണ്ടുകയാണെന്ന് യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. യു.എല്‍ സൈബര്‍ പാര്‍ക്കിലേക്ക് ടാറ്റാ എലെക്‌സി എത്തുന്നതോടെ കോഴിക്കോട് ഒരു ഐ.ടി ഡെസ്റ്റിനേഷന്‍ ആയി മാറിയിരിക്കുകയാണ്. അത്തരം ഡെസ്റ്റിനേഷന് അനുയോജ്യമായ പാര്‍പ്പിടമാണ് വണ്‍ ആന്തെം. ഈ ആശയം യു.എല്‍ സൈബര്‍പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാനില്‍ത്തന്നെ ചേര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാത്രമല്ല, സമൂഹത്തില്‍ മികച്ച പാര്‍പ്പിടം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്വീകാര്യമാകുമാറാണ് ഇതു നിര്‍മിച്ചിടുള്ളത്. മറ്റു നിര്‍മാതാക്കളില്‍നിന്നു വ്യത്യസ്തമായി കെട്ടിടം നേരിട്ടുകണ്ട് ഗുണമേന്മ ബോധ്യപ്പെട്ട് വാങ്ങുന്നതിനായാണ് പണിപൂര്‍ത്തിയാക്കിയ ശേഷം അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍ക്കുന്നത്” രമേശന്‍ വ്യക്തമാക്കി.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍ യു.എല്‍ സ്‌പേസ് അസിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.പി സുരേഷ്, ഐ.ഐ.എം കോഴിക്കോട് പ്രൊഫസര്‍ അശുതോഷ് സര്‍ക്കാര്‍, എന്‍.ഐ.ടി കാലിക്കറ്റ് ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സി.ഇ.ഒ പ്രീതി മണ്ണിലിടം, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി നിത്യാന്ദ് കമ്മത്ത്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ മണി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവില്‍നിന്ന് ആഷിക് എ.എം, യു.എല്‍.സി.സി.എസ് ഡയറക്ടര്‍ ഷിജിന്‍ ടി.ടി, ജനറല്‍ മാനേജര്‍ ഷാബു കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. മനോഹരമായി സജ്ജീകരിച്ച അലങ്കാരസസ്യത്തിന്റെ തൈ മേയര്‍ക്ക് ഉപഹാരമായി ചെയര്‍മാന്‍ രമേശന്‍ പാലേരി കൈമാറി.

ലോകോത്തരനിലവാരത്തിലുള്ള അത്യന്താധുനികസൗകര്യങ്ങളോടുകൂടിയ പാര്‍പ്പിടസമുച്ചയമാണ്. രണ്ടു കിടപ്പുമുറികളോടുകൂടിയ 18ഉം മൂന്നു കിടപ്പുമുറികളുള്ള 122ഉം അപ്പാര്‍ട്ട്‌മെന്റുകളും പത്ത് ഡ്യൂപ്ലെക്‌സ് യൂണിറ്റുകളും അടങ്ങുന്ന 150 അപ്പാര്‍ട്ട്‌മെന്റുകളുടെ സമുച്ചയമാണിത്. ഹെലിപാഡ്, ജിംനേഷ്യം, ഇന്‍ഫിനിറ്റി സ്വിമ്മിങ് പൂള്‍, മിനി തിയറ്റര്‍, മെഡിക്കല്‍ സെന്റര്‍, പാന്‍ട്രിയോടുകൂടിയ അസോസിയേഷന്‍ ഹാള്‍, 21ാം നിലയിലെ ഓപ്പണ്‍ പാര്‍ട്ടി ഏരിയ, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, സെന്‍ട്രലൈസ്ഡ് ഗ്യാസ് ലൈന്‍, ജനറേറ്റര്‍ സൗകര്യം, സി.സി.ടി.വി, മാലിന്യനിര്‍മാര്‍ജ്ജനസംവിധാനം തുടങ്ങിയ എല്ലാ അത്യാധുനികസൗകര്യങ്ങളും വണ്‍ ആന്തെം ഒരുക്കിയിരിക്കുന്നു.

ulspaceus.com എന്ന വെബ്‌സൈറ്റില്‍ എല്ലാം വിശദമായി കാണാം.

കൂടാതെ, ലോഞ്ച്, ലൈബ്രറി, കാര്‍ഡ് ഗെയിം റൂം, ബില്ല്യാര്‍ഡ്സ് റൂം, യോഗ-എയ്റോബിക്സ് റൂം, കുട്ടികളുടെ ക്രഷ് റൂം, കുട്ടികളുടെ പ്ലേ ഏരിയ, രണ്ടാം നിലയില്‍ ഗാര്‍ഡന്‍ ടെറസ്, മെഡിറ്റേഷന്‍ ഗാര്‍ഡന്‍, കണ്‍വീനിയന്റ് സ്റ്റോര്‍, എ.ടി.എം കൗണ്ടര്‍ മുതലയാവയും ഉണ്ട്. മാനദണ്ഡങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ അതോറിറ്റി (RERA) അംഗീകൃതമാണ് വണ്‍ ആന്തെം. മണ്ണിന് അനുയോജ്യമായ ആര്‍.സി.സി ഫൗണ്ടേഷന്‍, ഭൂകമ്പത്തെ ചെറുക്കുന്ന നിര്‍മിതി, നാല് പാസഞ്ചര്‍ ലിഫ്റ്റുകള്‍, ഒരു സര്‍വിസ് ലിഫ്റ്റ്, അപ്പാര്‍ട്ട്മെന്റുകളില്‍ ഉന്നത നിലവാരത്തിലെ വിട്രിഫൈഡ് ടൈലുകള്‍, പുട്ടി ഫിനിഷോടു കൂടിയ അക്രിലിക് ഇമല്‍ഷന്‍ പെയിന്റിങ്, ജനലുകള്‍ക്ക് ഇനാമല്‍ പെയിന്റിങ്, എന്‍.ബി.സി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അഗ്നിസുരക്ഷാ സംവിധാനം, എല്ലാ അപ്പാര്‍ട്ട്മെന്റിനും ലിവിങ് റൂമിലും മാസ്റ്റര്‍ ബെഡ് റൂമിലും ഡേറ്റാ, കേബിള്‍ കണക്ഷനുകള്‍, ബെഡ്‌റൂമുകളിലും ലിവിങ്, ഡൈനിങ് ഏരിയകളിലും എ.സിക്കുള്ള സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
തൊഴില്‍സൃഷ്ടി ജന്മദൗത്യമായ സൊസൈറ്റി വൈവിധ്യവത്ക്കരണത്തിലേക്കു കടന്നത് വികസിച്ചുവരുന്ന ആധുനികവിദ്യാഭ്യാസത്തിനും മാറുന്ന കാലത്തിനുമൊത്ത് പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കേണ്ട സാഹചര്യം സംജാതമായപ്പോഴാണ്. യു.എല്‍ സൈബര്‍പാര്‍ക്കില്‍ തുടങ്ങിയ വൈവിധ്യവത്ക്കരണപാതയിലെ മറ്റൊരു ചുവടാണു പശ്ചാത്തലസൗകര്യവികസനം.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ള്‍ചര്‍, സര്‍വേ, ഡി.പി.ആര്‍, സ്ട്രക്ള്‍ച്ചറല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദഗ്ധര്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ധാരാളമായി തൊഴില്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. സാമ്പത്തികവികാസത്തിനൊത്തു വളര്‍ന്നുവരുന്ന സമൂഹത്തിന്റെ പ്രതീക്ഷയ്ക്കുമൊത്ത അത്യാധുനികജീവിതസൗകര്യങ്ങളും ഉറപ്പും ഭംഗിയുമുള്ള മികച്ചതും പരിസ്ഥിതിസൗഹൃദവുമായ പാര്‍പ്പിടങ്ങള്‍ അമിതസാമ്പത്തികഭാരം ഇല്ലാതെ ലഭ്യമാക്കുക എന്ന ദൗത്യവും ഈ ചുവടുവയ്പിനു പിന്നില്‍ ഉണ്ട്. സൊസൈറ്റിയുടെ ആസ്തികള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന കാഴ്ചപ്പാടും ചേര്‍ന്നപ്പോഴാണു പദ്ധതി രൂപംകൊണ്ടത്.

കോഴിക്കോട് ജില്ലയിലും പുറത്തും അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും നിര്‍മിക്കാന്‍ പറ്റിയ സ്ഥലങ്ങളും യോജിച്ച സമീപനങ്ങളും കണ്ടെത്താന്‍ വിശദമായ വിപണിപഠനം നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *