വളപ്പട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

വളപ്പട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും രണ്ടാം പ്രതിക്ക് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്

കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ വളപ്പട്ടണം ഐ.എസ് കേസിലാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കണ്ണൂര്‍ മുണ്ടേരി മിഥിലാജ് (31), അഞ്ചാം പ്രതി തലശ്ശേരി ചിറക്കര യു.കെ ഹംസ (61) എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുല്‍ റസാഖി(28)ന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ എം.വി റഷീദ്, മാനൗഫ് റഹ്‌മാന്‍, കെ. അഫ്‌സല്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് ഇവരുടെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ മുഖ്യമായും ആധാരമാക്കിയത് മാപ്പുസാക്ഷികള്‍ നല്‍കിയ തെളിവുകളാണ്.

2016ലാണ് വളപ്പട്ടണം പോലിസ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ വളപ്പട്ടണം പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

സിറിയന്‍ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്യാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്താന്‍ 2016 മുതല്‍ പ്രതികള്‍ പങ്കാളികളാണെന്നായിരുന്നു എന്‍.ഐ.എ ആരോപണം. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്തത് അടക്കം നിയമവിരുദ്ധ പ്രവര്‍ത്ത നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് പ്രതികളെ എന്‍.ഐ.എ ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ വിചാരണ ചെയ്തത്. സിറിയയിലേക്ക് കടന്ന ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തതായാണ് അന്വേഷണത്തില്‍ത കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പ്രതിചേര്‍ത്തിരുന്ന ചെക്കികുളം അബ്ദുല്‍ഖയൂം സിറിയയില്‍ ഒളിവില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ടു. മിഥിലാജും റസാഖും സിറിയയില്‍ വച്ച് പിടിയിലായി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയായിരുന്നു. വിചാരണഭാഗമായി 143 സാക്ഷികളെ വിസ്തരിച്ചു. 230 രേഖകലും 22 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. 2019 സെപ്റ്റംബര്‍ 16ന് തുടങ്ങിയ വിചാരണ ലോക്ഡൗണിനെ തുടര്‍ന്ന് നീളുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *