മഴക്കെടുതി; ജില്ലയില്‍ 33 വീടുകള്‍ക്ക് ഭാഗികനാശം

മഴക്കെടുതി; ജില്ലയില്‍ 33 വീടുകള്‍ക്ക് ഭാഗികനാശം

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ കനത്ത മഴയില്‍ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43.12 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉണിച്ചാറക്കണ്ടി പാത്തുവിന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താണു.
മൊടക്കല്ലൂരില്‍ കുറ്റിയേടത്തറോല്‍ രവീന്ദ്രന്റെ വീടിനു മുകളില്‍ തെങ്ങ് കടപുഴകിവീണ് വീട് ഭാഗികമായി തകര്‍ന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ നല്ലളത്ത് കീഴ് വനപറമ്പ് കുമ്മാളി വീട്ടില്‍ ബീക്കുട്ടിയുടെ വീടിന്റെ മുകളില്‍ മരം വീണ് മേല്‍ക്കൂരക്ക് ഭാഗികമായി കേട് പറ്റി. കരുവന്‍തിരുത്തി പഞ്ചായത്തിലെ പൂത്തോളത്തില്‍ കിളിയാടി വേലായുധന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. കുമാരനല്ലൂര്‍ പഞ്ചായത്തില്‍ തോട്ടക്കാടിന് സമീപം നെല്ലായി മാണിയുടെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. ശക്തമായ മഴയില്‍ പെരിങ്ങളം കുനിപൊയിലില്‍ ചന്ദ്രന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു.

കടലുണ്ടി വില്ലേജ് വാര്‍ഡ് 20 ലെ 62ാം നമ്പര്‍ വീടും, വാര്‍ഡ് പതിനൊന്നിലെ 60ാം നമ്പര്‍ വീടും തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. കാലപ്പഴക്കമുള്ളതിനാല്‍ നിലവില്‍ ഇരുവീടുകളും താമസയോഗ്യമല്ല. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരുവീട്ടുകാരോടും മാറി താമസിക്കാന്‍ നിര്‍ദേശിച്ചു.പന്നിക്കോട്ടൂര്‍ കുന്നുമ്മല്‍ അബ്ദുറഹ്മാന്റെ വീടിനു മുകളില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അണ്ടോണ കായ്ക്കല്‍ ജാനകിയുടെ വീട് ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു. രാരോത്ത് പഞ്ചായത്തിലെ പനന്‍തോട്ടത്തില്‍ സുബൈറിന്റെ വീടിനു മുകളില്‍ മരം വീണു ഭാഗിക നാശനഷ്ടമുണ്ടായി.

ഈങ്ങാപ്പുഴ പഞ്ചായത്തിലെ മമ്മുണ്ണിപടി നബീസയുടെ വീടിനും ഭാഗിക നാശനഷ്ടം സംഭവിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ കുളതനയത് കെ.ജി. ശോഭന, പുതുപ്പാടി ആയിഷ മുഹമ്മദ് എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു. മണിയൂരില്‍ നടക്കേണ്ടവിട്ട ശാന്തയുടെ വീടിനു മുകളില്‍ തെങ്ങ് വീണു ഭാഗിക നഷ്ടം സംഭവിച്ചു. ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ഏറാമല വില്ലേജില്‍ സുനില്‍ കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. തൂണേരി പഞ്ചായത്തില്‍ ശക്തമായ കാറ്റില്‍ രാമച്ചം വീട്ടില്‍ രാജന്റെ വീടിനു മുകളില്‍ മരം വീണു. വാണിമേല്‍ പഞ്ചായത്തില്‍ വെള്ളിയോട് ദേശത്ത് വെള്ളിയത്ത് പുഷ്പയുടെ വീടിനു മുകളില്‍ തേക്ക് മരം വീണു.

മാവൂര്‍ പഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. അബ്ദുള്‍ ലത്തീഫ് (മൂന്ന് മുതിര്‍ന്നവര്‍, രണ്ട് കുട്ടികള്‍), ശ്രീധരന്‍ (രണ്ട് മുതിര്‍ന്നവര്‍), സത്യന്‍ (നാല് മുതിര്‍ന്നവര്‍) എന്നിവരുടെ കുടുംബങ്ങളാണ് മാറിത്താമസിച്ചത്. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ അറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *