തിരുവനന്തപുരം: രാജ്യത്ത് ആദ്യ മങ്കി പോക്‌സ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ അടുത്ത് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ് വീഴ്ച പറ്റിയത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയത് സ്വയം ടാക്‌സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു.
രോഗി കയറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായില്ല. സ്വകാര്യ ആശുപത്രി വിവരങ്ങള്‍ ഒന്നും അറിയിച്ചില്ലെന്ന് കൊല്ലം ഡി.എം.ഒ പറയുന്നു. രോഗിക്ക് അമ്മയുമായി മാത്രം സമ്പര്‍ക്കം എന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികളും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കം 35 പേരുമായി രോഗി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീന്‍ അറിയിച്ചു. ഇതില്‍ ഡ്രൈവര്‍മാരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.