ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് സുബൈറിന് ജാമ്യം അനുവദിച്ചത്. പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദേവേന്ദര്‍ കുമാര്‍ ജംഗലയാണ് വിധി പ്രസ്താവിച്ചത്. ആയിരം രൂപ നല്‍കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. അതോടൊപ്പം 50,000 രൂപയുടെ ആള്‍ജാമ്യവും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും സുബൈറിന് നിര്‍ദേശമുണ്ട്.
ജൂലൈ രണ്ടിന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സ്‌നിഗ്ധ സര്‍വാരിയ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുബൈര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജൂണ്‍ 27നായിരുന്നു സുബൈറിനെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസുകളിലും ജാമ്യം അനുവദിക്കണമെന്നും സുബൈര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.
2018ല്‍ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന് ഡല്‍ഹി പോലിസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലായിരുന്നു നടപടി.