കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം എളമരം കരീം എം.പി വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ഫെസ്റ്റിവല്‍ ഷെഡ്യൂളിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കെ.എസ്.എഫ്.ഡി.സി എം.ഡിയും ‘സമം’ പദ്ധതിയുടെ കണ്‍വീനറുമായ എന്‍.മായ ഐ.എഫ്.എസിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി സ്വാഗതപ്രസംഗവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ആമുഖഭാഷണവും സെക്രട്ടറി സി.അജോയ് നന്ദിപ്രകടനവും നടത്തും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ അഞ്ജലി മേനോന്‍, കുക്കു പരമേശ്വരന്‍, കോഴിക്കോട് സബ് കലക്ടര്‍ ചെല്‍സ സിനി.വി, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായികമാരായ താരാ രാമാനുജന്‍, ഐഷ സുല്‍ത്താന, മിനി ഐ.ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കോഴിക്കോട് ജന്മദേശവും പ്രധാന പ്രവര്‍ത്തനമേഖലയുമായ അഭിനേത്രികളെ മന്ത്രിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് ചടങ്ങില്‍ ആദരിക്കും. വിധുബാല, നിലമ്പൂര്‍ അയിഷ, കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പുഷ്പ കല്ലായി, എല്‍സി സുകുമാരന്‍, കബനി ഹരിദാസ്, സീമ ഹരിദാസ്, അജിത നമ്പ്യാര്‍ എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി ‘ക്ലാര സോള’ പ്രദര്‍ശിപ്പിക്കും. 26ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നതാലി അല്‍വാരസ് മെസെന്റയാണ്. മതവും സാമൂഹിക വ്യവസ്ഥയും ആണധികാരവും ചേര്‍ന്ന് അടിച്ചമര്‍ത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാല്‍പ്പതുകാരിയുടെ കഥ പറയുന്ന ഈ ചിത്രം സ്വീഡന്‍, കോസ്റ്റോറിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.നാളെ രാവിലെ 10 മണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായാണ് വനിതാ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.