കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 16,17,18 തീയതികളില്‍ കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മുന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ 11.30ന് കൈരളി തിയേറ്റര്‍ പരിസരത്ത് നടന്ന ചടങ്ങ് ഡെപ്യൂട്ടി മേയറും ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍മാനുമായ മുസഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കൃഷ്ണകുമാരിക്ക് ആദ്യപാസ് നല്‍കിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കൊവിഡിനുശേഷം കലാസാംസ്‌കാരിക രംഗം പുത്തനുണര്‍വിലേക്ക് തിരികെയത്തെുന്ന ഇക്കാലത്ത് ചലച്ചിത്ര അക്കാദമി നടത്തുന്ന വനിതാ ചലച്ചിത്രമേളയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ് പറഞ്ഞു. ചലച്ചിത്രരംഗത്തെ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്ന കാലയളവില്‍ മികച്ച സിനിമകളുടെ തെരഞ്ഞെടുത്ത പ്രദര്‍ശനം സംഘടിപ്പിക്കുന്നതിലൂടെ ചലച്ചിത്ര അക്കാദമി ഭാവനാപൂര്‍ണമായ സാംസ്‌കാരിക ഇടപെടലാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലത്തിന്റെ പുതിയ സിനിമകളും നവീനമായ ഭാവുകത്വവും പുത്തന്‍കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന ചലച്ചിത്രമേളയായിരിക്കും ഇതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു.
നടന്‍ പ്രതാപ് പോത്തന്റെ വിയോഗത്തില്‍ ആദരസൂചകമായി ഒരു മിനിട്ട് മൗനമാചരിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അഡ്വ.പി.എം ആതിര, ഡെലിഗേറ്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ടി.വി ലളിതപ്രഭ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണി, ചലച്ചിത്ര അക്കാദമി ഡെപ്യുട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്. ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.