യു.എ.ഇ: സമാധാനത്തിനും സ്ഥിരതക്കും മുന്‍തൂക്കം നല്‍കി വളര്‍ച്ചയുടെ പാതയില്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന് നിയുക്ത യുഎ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍. പ്രസിഡന്റായി ചുമതയേറ്റതിനു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി ആഗോള സൂചികകളില്‍ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കഴിവുകള്‍ വികസിപ്പിക്കുക എന്നതിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം വരും തലമുറക്ക് ശോഭനമായ ഭാവി ഉറപ്പാക്കുക കൂടിയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും ഈ ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്യുകയും പരിശ്രമങ്ങളെ ഏകോപിപ്പിക്കുകയും വേണമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്കുണ്ട്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നത് വികസനത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ്. രാജ്യത്തും ലോകത്താകമാനവും സമാധാനവും സ്ഥിരതയും പിന്തുണക്കുന്ന ശൈലി പിന്തുടരും. വിവിധ രാജ്യങ്ങളുമായി ശക്തമായ ബന്ധമുണ്ടാക്കി മുന്നോട്ടുപോകും. മത, വര്‍ണ്ണ, വംശ ഭിന്നതകള്‍ക്ക് അതീതമായി എല്ലാ സമൂഹങ്ങള്‍ക്കും സഹായമെത്തിക്കുന്നത് തുടരും. എല്ലാ പദ്ധതികളുടെയും അടിസ്ഥാനം യു.എ.ഇ യിലെ ജനങ്ങളുടെ സന്തോഷവും സമൃദ്ധിയുമായിരിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.