തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് എന്ന് സംശയിച്ച് ഒരാള്‍ നിരീക്ഷണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് നിന്ന് എത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് ബാധ സംശയിക്കുന്നത്. നാല് ദിവസം മുന്‍പ് യു.എ.ഇയില്‍ നിന്നാണ് കേരളത്തില്‍ എത്തിയത്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കി പോക്‌സിന്റെ പ്രധാന ലക്ഷണം. നിലവില്‍ വിദേശത്ത് നിന്നും വന്നയാള്‍ക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ സാംപിള്‍ പൂനെയിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും ശരീര സ്രവങ്ങളില്‍ നിന്നും പടരാന്‍ സാധ്യതയുള്ള രോഗമാണ് മങ്കി പോക്‌സ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീപോക്‌സ് ബാധിതരില്‍ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.