കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയും ജനം തെരുവിലിറങ്ങുകയും ചെയ്ത ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിനെ തങ്ങളുടെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.കെ, സിംഗപ്പൂര്‍, ബഹ്‌റൈന്‍ രാജ്യങ്ങള്‍. സംഘര്‍ഷ കലുഷിതമായ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചു.
ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ബുധനാഴ്ച തന്നെ നാടുവിട്ടു. നിലവലില്‍ മാലിദ്വീപില്‍ ഉള്ള ഗോട്ടബായ സിംഗപ്പൂരിലേക്ക് കടക്കാനുള്ള പദ്ധതിയിലാണ്.
ഗോട്ടബായ നാടുവിട്ടതിനു പിന്നാലെ രാജ്യത്ത് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രസിഡന്റിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.