രാജന്‍ ഖൊബ്രഗഡേ പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍; ബി. അശോക് കൃഷി വകുപ്പില്‍

രാജന്‍ ഖൊബ്രഗഡേ പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍; ബി. അശോക് കൃഷി വകുപ്പില്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാനായ ബി. അശോകിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേയാണ് പുതിയ ചെയര്‍മാന്‍. ഭരണപക്ഷ യൂണിയനുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് അശോകിനെ മാറ്റിയത്. നിലവിലെ ചെയര്‍മാനായ അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയായാണ് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ബി അശോകിനെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇടത് യൂണിയനുകളുടെ സമ്മര്‍ദ്ദഫലമായാണ് ബി.അശോകിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയന്‍ ചെയര്‍മാനെതിരേ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ചെയര്‍മാനെ മാറ്റാതെ സമരത്തില്‍നിന്ന്് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍. പലതവണ ചര്‍ച്ച നടന്നിട്ടും ചെയര്‍മാനോ സമരക്കാരോ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ ഖൊബ്രഗഡേ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *