കോഴിക്കോട്: ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും തീരുമാനപ്രകാരമാണ് ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലാക്കാനുള്ള വിപുലമായ പ്രാചാരണം നടക്കുന്നത്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശ ലക്ഷ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടക്കുന്നുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, യു.പി.ഐ, ക്യു ആര്‍ കോഡ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ആധാര്‍ അധിഷ്ടിത പണമിടപാട് സേവനം തുടങ്ങിയ ഡിജിറ്റല്‍ പണമിടപാടുകള്‍ സാര്‍വത്രികമാക്കും. ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇതിലേതെങ്കിലും സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇടപാടുകാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സ്മാര്‍ട്ടഫോണ്‍ ഇല്ലാത്തവര്‍ക്കും ഫീച്ചര്‍ഫോണ്‍ ഉപയോഗിച്ച് റിസര്‍വ് ബാങ്കിന്റെ യു.പി.ഐ 123 പേ സംവിധാനം ഉപയോഗപ്പെടുത്തിയും ഡിജിറ്റലൈസേഷന്റെ ഭാഗമാകാം. ഡിജിറ്റല്‍ കോഴിക്കോട് എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തും. ജില്ലയിലെ സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബാങ്ക് ശാഖാതലത്തിലും ഇടപാടുകാരിലേക്ക് പ്രചരണമെത്തിക്കും. നിലവില്‍ സേവിങ്‌സ് അക്കൗണ്ടില്‍ 95 ശതമാനവും കറന്റ് അക്കൗണ്ടില്‍ 77 ശതമാനവും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് ലീഡ് ബാങ്ക് അറിയിക്കുന്നു.
ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മാര്‍ക്കറ്റുകളിലും സ്‌കൂളുകളിലും കോളേജുകളിലും മറ്റും സാമ്പത്തിക സാക്ഷരതാ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ജില്ലയെ നൂറു ശതമാനം ഡിജിറ്റലാക്കാനുള്ള യജ്ഞത്തില്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും സമ്പൂര്‍ണ്ണ സഹകരണം ലീഡ് ബാങ്ക് മാനേജര്‍ അഭ്യര്‍ഥിച്ചു.