ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രിക്ക് വേണ്ടി ജ്യോത്സ്യനെ നിയമിക്കണം. കാരണം, മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെ ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ട്വീറ്റിലൂടെ നാം മനസിലാക്കേണ്ടതെന്ന് ചിദംബരം പറഞ്ഞു. ആത്മവിശ്വസം നഷ്ടപ്പെട്ട ധനമന്ത്രി സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ അന്യഗ്രഹങ്ങളുടെ സഹായം തേടുകയാണെന്ന് ചിദംബരം പരിഹസിച്ചു.
പണപ്പെരുപ്പം 7.01ഉം തൊഴിലില്ലായ്മ 7.08 ശതമാനം നിരക്കിലാണ്. സമീപകാലത്തെ ഉയര്‍ന്ന നിരക്കാണ്. എന്നിട്ടും ധനമന്ത്രി ജൂപ്പിറ്ററിന്റെയും പ്ലൂട്ടോയുടെയും ചിത്രങ്ങളാണ് ട്വീറ്റ് ചെയ്തതില്‍ തനിക്ക് ഒട്ടും അദ്ഭുതമില്ലെന്ന് ചിദംബരം പറഞ്ഞു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതികള്‍ പാവപ്പെട്ടവരെ രക്ഷിച്ചെന്നും പണപ്പെരുപ്പം രാജ്യത്തെ ദരിദ്രരെ ബാധിച്ചില്ലെന്നുമുള്ള പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 7.01 ശതമാനം എന്ന ആശങ്കാജനകമായ സ്ഥിതിയാലാണ് രാജ്യത്തെ തൊഴിലില്ലായ്മ. അപ്പോഴാണ് മന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.