തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അരോഗ്യമന്ത്രി വീണാ ജോര്‍ജാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കൊല്ലം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍ അടക്കം 11 പേരുമായാണ് രോഗി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. എല്ലാവരും നിരീക്ഷണത്തിലാണ്. നാട്ടിലെത്തിയ രോഗി ആദ്യം സ്വകാര്യആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നാലെ മെഡിക്കല്‍കോളജില്‍ ചികിത്സ തേടിയത്.
വളരെ അടുത്ത കോണ്‍ടാക്റ്റ് ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരൂ എന്ന് മന്ത്രി പറഞ്ഞു. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടും പിന്നീടിത് കുമിളയാവുകയും ചെയ്യും. ശരീരവേദന, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
വൈറല്‍ രോഗമായതിനാല്‍ തന്നെ മങ്കി പോക്‌സിന് പ്രത്യേക ചികിത്സ ഒന്നുമില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മങ്കിപോക്സ് കേസുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ 77 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് നല്‍കിയ ജൂണ്‍ 27 മുതല്‍ 2,614 കേസുകള്‍ വര്‍ധിച്ചു.