എന്‍.എന്‍ കക്കാടിന്റെ 31ാം ചരമവാര്‍ഷികവും കടന്നുപോയി. അതായത് ധനുമാസത്തിലെ ഒരു തിരുവാതിര കൂടി-‘ ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും…’ സഫലമീ യാത്രക്ക് അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും മുറയ്ക്ക് കിട്ടി. 1987 ജനുവരി ആറിന് 59ാം വയസ്സില്‍ ഇതുപോലൊരു ധനുമാസത്തിലെ തിരുവാതിരക്കാലത്ത് സ്നേഹവാത്സല്യങ്ങളുടെ ആ സൂര്യന് അസ്തമിച്ചു. ഓര്‍മയുടെ ആഴങ്ങളിലും ആ പ്രതിഭ ഇന്നും ഒളിമങ്ങാത്ത ഓര്‍മയോടെ ആ കവിതകളില്‍ ആ വരികളില്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നിറഞ്ഞുനില്ക്കുന്നു…..!
കാവ്യസൈഗതം
ജീവിത യാഥാര്‍ഥ്യങ്ങളെ കവിതകളാക്കി മാറ്റിയ കവികളും യുവകവികളും സമ്മാനിച്ച കവിതകളിലൂടെ ഒരു യാത്ര! ഗതകാല സ്മരണകളെ എപ്പോഴും സ്വാഗതം ചെയ്യാനാഗ്രഹിക്കുന്നവരാണ് നമ്മള്. ഓര്‍മകളാണ് ഒരു വ്യക്തിയെ ജീവിപ്പിക്കുന്നതുപോലും. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു കണ്ടെത്തിയ ബാല്യവും കൗമാരവും പ്രണയവുമെല്ലാം ഇനിയും ജീവിതത്തില്‍ തിരിച്ചുവരാന്‍ കൊതിച്ചുപോകാത്തവര് ആരുതന്നെ ഉണ്ടാകില്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു കാലം മുന്നോട്ടൊഴുകുമ്പോള്‍ നമ്മേ വരിഞ്ഞുചുറ്റിക്കൊണ്ട് പിന്തുടരുകയാണ് ഗൃഹാതുര ചിന്തകള്‍. അതില്‍നിന്നു മാറി കടക്കണമെങ്കില്‍ നമ്മുടെ ഓര്‍മകളില്‍ നിന്ന് ഓടിയകലാന്‍ പലപ്പോഴും നമ്മള് ശ്രമിച്ചേക്കും. പക്ഷെ മധുരസ്മൃതികള്‍ നമ്മെ മാടിവിളിച്ചുക്കൊണ്ടേയിരിക്കും. സാധാരണക്കാരെ അപേക്ഷിച്ച് ഗൃഹാതുരതകള്‍ ഏറ്റവും ചൂഴ്ന്നു പിടിക്കപ്പെടുന്നത് സാഹിത്യകാരന്മാരിലാണ്. പ്രത്യേകിച്ചും കവികളില്‍. അവരുടെ കാവ്യഭാവനകള്‍ ആസ്വാദകരിലേക്ക് പകര്ന്നൊഴുകുമ്പോള് ആ ഉടക്കിന്റെ തീവ്രതയില്‍പ്പെട്ട് ആസ്വാദകരും കുതിച്ചുയരും. അങ്ങനെ നോക്കുമ്പോള്‍ ഗൃഹാതുരതകള്‍ ഉണര്‍ത്തിക്കൊണ്ട് മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും ഗൗരവത്തോടുകൂടി സാക്ഷ്യപ്പെടുത്തിയ ഒരു കവിയെക്കുറിച്ച് എടുത്തു പറയേണ്ടതായിവരും. അത് മറ്റാരുമല്ല-എന്‍.എന്‍ കക്കാട്.
‘ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലോ സഖീ ഞാനീ
ജനലഴി പിടിച്ചോട്ടു നില്ക്കട്ടെ നീയെന്നണീയത്തുതന്നെ നില്ക്കൂ,
ഇപ്പോഴേക്കു കൂടൊരു ചുമയ്ക്കടിയിടറിവീഴാം’
അതായത് പാരമ്പര്യത്തിന്റെ കരുത്തു കൈവിടാതെ ആധുനികതയുടെ പുതുവഴി വെട്ടി നവകാവ്യ തരംഗത്തിന്റെ നീരൊഴുക്ക് സൃഷ്ടിച്ച കവിയാണ് എന്‍.എന്‍ കക്കാട്. അദ്ദേഹത്തിന്റെ സഫലമീയാത്ര, രണ്ടു പ്രതിമകളുടെ കഥ, പ്രളയം, തുരുത്തുമലയുടെ അര്‍ഥം, പഴയ അപരിചിതന്, നന്ദി തിരുവോണമേ നന്ദി എന്നിവ അതിന് ഉദാഹരണമാണ്. പിന്നെ മങ്ങാത്ത മയില്‍പ്പീലി അദ്ദേഹത്തിന്റെ സഫലമീ യാത്ര എന്ന കവിതാസമാഹാരത്തിലെ ചില പ്രധാന കവിതകളിലൂടെ ഒരു എത്തിനോട്ടമാണ് ഇവിടെ ചെയ്യുന്നത്.
1927 ജൂലൈ 14ന് കോഴിക്കോട്ട് ജില്ലയിലെ അവിടനല്ലൂരില്‍ നാരായണന് നമ്പൂതിരിയുടേയും ദേവകിയുടേയും മകനായി കക്കാട് നാരായണന് നമ്പൂതിരി ജനിച്ചു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ആകാശവാണി നിലയത്തിലും ജോലി ചെയ്തു. ചിത്രമെഴുത്ത്, ഓടക്കുഴല്‍, ശാസ്ത്രീയ സംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിന് പ്രാവീണ്യം ഉണ്ടായിരുന്നു. പാരമ്പര്യത്തെ പിന്തുടര്ന്ന് കൊണ്ടുതന്നെ ആധുനികതയിലൂടെ സഞ്ചരിക്കാനാഗ്രഹിച്ച വ്യക്തിയായിരുന്നു കക്കാട് നമ്പൂതിരിപ്പാട്. ദുഃഖം എന്നത് അദ്ദേഹത്തിന്റെ ജീവിത്തതിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ജീവിത്തതിന്റെ വേദനകള്‍ അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന് പിന്നീടത് ആസ്വദിക്കാനും കഴിഞ്ഞു. ദാരിദ്ര്യത്തിലേക്കടര്ന്നു വീണുകൊണ്ടിരിക്കുന്ന ഒരു ജന്മി കുടുംബത്തിലായിരുന്നു എന്‍.എന്‍ കക്കാട് ജനിച്ചത്.
പട്ടിണി മിക്കപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു വിരുന്നുകാരനായി എത്തുമായിരുന്നു. രോഗിയും ദുര്ബലനുമായിട്ടാണ് അദ്ദേഹം തന്റെ ബാല്യ കൗമാരങ്ങള്‍ കഴിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സമപ്രായക്കാരൊക്കെ ശരീരംകൊണ്ടും വിദ്യകൊണ്ടും വളരെ വലിയവരായിരുന്നു. മിക്കവാറും ഏകാകിയായാണ് അദ്ദേഹം തന്റെ ചെറുപ്പകാലം കഴിച്ചത്. അദ്ദേഹത്തിന്റെ ഏകാന്തമായ നിമിഷങ്ങളിലൊക്കെ ചിതല്തിന്നു വികൃതമാക്കിയ പൂമുഖപ്പടിയില്‍ മലര്‍ന്ന് കിടന്ന് ആകാശം നോക്കി മനോരാജ്യം കാണുകയായിരുന്നു പ്രധാന തൊഴില്‍. ആകശത്തിലെ നീല നിറത്തിനെതിരേ രൂപം മാറ്റിക്കൊണ്ടിരിക്കുന്ന വെണ്മേഘങ്ങളെ നോക്കി എത്രനേരം കിടക്കുവാനും മടിയില്ലായിരുന്നു. ആ സമയമെല്ലാം അമ്മയും മുത്തശ്ശിയും പറഞ്ഞുകൊടുത്ത പുരാണ കഥകളെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ തികട്ടിവരും.
ആ കഥകളിലെ ആനയും തേരും കംസനും ദേവകിയും വാസുദേവനും കൃഷ്ണനുമെല്ലാം മേഘങ്ങളിലേക്ക് സാംക്രമിക്കും. പുരാണ കഥാപാത്രങ്ങളെല്ലാം കക്കാടിന്റെ ഉറ്റ ചങ്ങാതിമാരായി തീര്‍ന്നു. ശ്രീകൃഷ്ണന് എപ്പോഴും അദ്ദേഹത്തിന്റെ ബാല്യകാല സഖാവായി എത്തുമായിരുന്നു. കൃഷ്ണനായിരുന്നു കക്കാടിന്റെ കവിതകളിലെ ആദ്യരൂപവും. അദ്ദേഹത്തിന്റെ ഗാര്ഹീകത പ്രമേയമാക്കിയ കവിതകളില്‍ കൃഷ്ണരൂപത്തിന്റെ വിവിധ വര്‍ണ്ണനകള്‍ കാണാം. എപ്പോഴോ ഒരുച്ച നേരത്ത് പൂമുഖപ്പടിയില്‍ മനോരാജ്യം കണ്ടുറങ്ങുന്നതിനിടയില് തലമുടിയില്‍ മയില്‍പ്പീലി തിരുകി സര്‍വ്വാഭരണ വിഭൂഷിതനായി ഓടക്കുഴലുമേന്തി മണികിലുക്കിക്കൊണ്ട് കൃഷ്ണരൂപം ഓടിയണഞ്ഞു. കവിയുടെ ഈ ഭാവന മങ്ങാത്ത മയില്‍പ്പീലി എന്ന കവിതയിലൂടെ ആവിഷ്കരിക്കപ്പെട്ടു.
‘പിടിവിട്ടോടിയതെങ്ങോ മറഞ്ഞു
ചടുലമാകെ ബാല്യം
ജ്ഞാനവലംബം പോല്‍ പ്രാതര്ദ്യുതിപോല്
ഗാനലയ സ്മൃതിപോല്
എങ്ങുന്നോടിയടഞ്ഞുമുന്നില്
ഭംഗിയിണങ്ങിയ ഭാഗ്യം?
ഉച്ചമയക്കം പൂണ്ടൊരുവിശ്വം
നിശ്ചലമങ്ങനെ നില്‍ക്കേ
ഊണുകഴിഞ്ഞു മുറുക്കിത്തുപ്പി
തൂണും ചാരിയിരുന്നേന്.’
ഉച്ചയുറക്കത്തോടൊപ്പം കവിയുടെ മനസ്സില്‍ കേളികള്‍ നടത്തി ഒരു മയില്‍പ്പീലി തുണ്ടവശേഷിച്ചുകൊണ്ട് കൃഷ്ണന് മറഞ്ഞു. പിന്നീട് ആ മയില്‍പ്പീലി നെഞ്ചോടു ചേര്‍ത്ത് കരയുമ്പോഴാണ് മുത്തച്ഛന്റെ മുറുക്കാനിടിയുടെ ശബ്ദം കാതിലലച്ചത്. സ്വപ്ന രാജ്യത്തുനിന്നടര്ന്നു മാറി മുത്തച്ഛനരികിലിരുന്ന് കിന്നാരം പറയാനാരംഭിച്ച കുഞ്ഞുകവി മുറുക്കാനിടിച്ചു ചതയ്ക്കുന്ന ഈ മുത്തച്ഛന് ഇനി എന്നാണാവോ പല്ലുമുളയ്ക്കുക എന്ന ചോദ്യം ചോദിച്ചപ്പോള്‍ അത് ആ മുത്തച്ഛനെ വല്ലാതെ രസിപ്പിച്ചു. അപ്പോഴും കവിയുടെ ബാല്യം കേഴുകയായിരുന്നു. മയില്‍പ്പീലിതുണ്ട് തനിക്ക് സമ്മാനിച്ചുകൊണ്ടകന്നു പോയ തന്റെ തോഴനെയോര്ത്ത്. പിന്നീടെപ്പോഴോ അദ്ദേഹം വായന ഒരു ശീലമമാക്കി. അതില്‍ ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും തമ്പുരാക്കന്മാരുമെല്ലാം അവരുടെ സാഹിത്യസൃഷ്ടികളില്‍ കയറിക്കൂടി അദ്ദേഹത്തിന്റെ മനസ്സില്‍ ബഹളംവച്ചു. ആ തിരക്കില്പ്പെട്ടുഴലുന്നതിനിടയിലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതത്തിലേക്ക് കവി വീഴ്ത്തപ്പെട്ടത്. പിന്നീട് രാമായണം, ബൈബിള്‍, ഗ്രീക്കുപുരാണം എന്നിവയടക്കം എല്ലാം വായിച്ചു ശീലമാക്കാന്‍ തുടങ്ങി.
അങ്ങനെ അദ്ദേഹത്തിന്റെ ഏകാന്ത മനോരാജ്യം പിന്നീട് വായനാലോകത്തേക്ക് ചേക്കേറി, അവിടെ ഗതകാല ഓര്‍മകളും ശ്ലോകങ്ങളും പുരാണ കഥകളും വേദനകളും, പ്രകൃതിയും ഗ്രാമീണതയും ഓര്മയിലെപ്പോഴോ വന്നുപോയ തുരുത്തുമലയുടെ ഇടുങ്ങിയ കൊടുങ്കാറ്റുമെല്ലാം കുത്തഴിക്കപ്പെട്ടു. തുരുത്തുമല എന്താണെന്നു ചോദിച്ചാല്‍ അതിന്റെ അര്‍ഥം നമ്മള് തന്നെ ഗ്രഹിച്ചാല്‍ തീര്‍ച്ചയായും നമ്മളീ കവിതയിലേക്കുതന്നെ പോകേണ്ടതായി വരും.
തുരുത്തുമലയുടെ അര്‍ഥം: ഈ കവിത തന്നെ കേട്ടുനോക്കുക. ഏതാനും വരികള്‍:
‘പഴങ്കുളത്തിലുച്ചേറും പടവില്ക്കാല്കളെന്നപോല്
നില്ക്കാതെതെന്നിപ്പോകുന്നു
ഉദിക്കുന്നു കിഴക്കെപ്പോളസ്തമിക്കുന്ന,
നേരമീല്ലോര്ക്കാന് തലയുമേല്
വിണ്ണുണ്ടെന്നതെന്നോമറക്കയാല്
ഇരുന്നിട്ടും ചതച്ചിട്ടു
മാവടി മുണ്ടമണ്ണിനെ
കാല്‍ച്ചുവട്ടില്‍ത്തന്നെ കാത്തു
കഴിവുപകലന്തികള്
ഏതോ വസന്തം മുന്നില്‍
കണ്ടിറങ്ങിയ ദിനം മുതല്‍
നിറപ്പറ്റ നിലത്തന്തി
നിഴല്‍ പോലിടറുന്ന കാല്’
അലക്ഷിതമായ ചുഴലികളിലകപ്പെട്ടു പ്രപഞ്ചം തല തിരിയുമ്പോള്‍ നാട് യാന്ത്രികതയിലേക്ക് തിരുത്തി മാറ്റപ്പെടുമ്പോള്‍ സൂര്യന് കിഴക്കെപ്പോഴുദിക്കുന്നുവെന്നോ എപ്പോഴസ്തമിക്കുന്നുവെന്നോ തിരിച്ചറിയാനാകാത്ത വിധം കാലം തിരഞ്ഞു മറിയുമ്പോള്‍ കവിയുടെ മനസ്സില്‍ നിത്യവസന്തമായവശേഷിക്കുന്നത് തുരുത്തുമലയുടെ സൗഭാഗ്യതകളെക്കുറിച്ചോര്ത്താണ്.
ശോഭ ചൊരിയുന്ന പുലരികളും ഋതുക്കള്‍ വിന്യസിക്കുമ്പോഴും അതിനനുസൃതമായി ചന്തം പേറിയെത്തുന്ന അന്തികളുടെ ചുവപ്പുമെല്ലാമോര്ത്ത് അദ്ദേഹം ആശ്വസിക്കും. പക്ഷേ നിറം മങ്ങി ഗന്ധം വറ്റിയ ആ പാഴ്സ്മൃതികള് ഇപ്പോള്‍ കവിക്ക് സമ്മാനിക്കുന്നതും ദുഃഖം തന്നെയാണ്. സംസ്കൃത സ്വാധീനമുള്ള കൃതികളും തനി നാടന്‍ പാട്ടുകളുടേയും പഴഞ്ചൊല്ലുകളുടേയും രീതിയിലുള്ള കവിതകളും അദ്ദേഹം ധാരാളം രചിച്ചു. വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും നഗരവല്‍ക്കരണം, മുതലാളിത്ത മനോഭാവം എല്ലാം അദ്ദേഹത്തിന്റെ കവിതാ വിഷയമായിത്തീര്‍ന്നു. കുറച്ചുമാത്രം സൂചിപ്പിച്ച് കൂടുതല്‍ ധ്വനിപ്പിക്കുന്നതായാണ് കക്കാടിന്റെ കവിതകളുടെ പ്രത്യേകതകള്‍.
അദ്ദേഹത്തിന്റെ പഴയ അപരിചിതന് എന്ന ഗദ്യകവിതയില്‍ അജ്ഞാതമായ ഒരു ശക്തിയെക്കുറിച്ചുള്ള നിഗൂഢതകളെയാണ് സൂചിപ്പിക്കുന്നത്. ആ ശക്തി സ്ത്രീയും പുരുഷനുമല്ലാത്ത രൂപത്തില്‍ പ്രതികാരദാഹത്തോടെ ആരെയോ അന്വേഷിച്ചലയുകയാണ്. ആ ശക്തി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഉണ്ടാകാം. കടല്ക്കരകളില്, റസ്റ്റോറന്റുകളില്‍, ബസ് സ്റ്റാന്റുകളില്‍, ഘോഷയാത്രയില്‍, തിങ്ങിനിറഞ്ഞ പുരുഷാരങ്ങള്‍ക്കിടയില്‍, മനുഷ്യന്റെയിടയില്‍ നമുക്ക് കണ്ടെത്താനാകും.
‘ഇടുങ്ങിയ തെരുവുകളില്‍ കുത്തിയൊഴുകുന്ന
സായാഹ്നങ്ങളില്‍
കലങ്ങി മറിയുന്ന ഊറിനിറയുന്ന സന്ധ്യകളില്‍
ബസ് സ്റ്റാന്റുകളില്‍
അപരിചിതമായ ആ പഴയരൂപം
മുഷ്ടിചുരുട്ടി സ്വന്തം രോഷം അലറാന്‍ നീങ്ങുന്ന
ഒടുങ്ങാത്ത ഘോഷയാത്രകളില്‍
സ്വന്തം ശബ്ദം കേള്‍ക്കാന്‍ കൊതിയൂറി നിന്ന
മൈതാനങ്ങളില്‍
അപരിചിതമായ ആ പതിവു ശബ്ദം’
ബസ് സ്റ്റാന്റുകളില്‍ അപരിചിതമായി പഴയ രൂപം മുഷ്ടിചുരുട്ടി സ്വന്തം രോഷം അലറാന്‍ നീങ്ങുന്ന, ഒടുക്കാത്ത ഘോഷയാത്രകളില്‍ സ്വന്തം ശബ്ദം കേള്‍ക്കാന്‍ കൊതിയൂറി നിന്ന, മൈതാനങ്ങളില്‍ അപരിചിതമായ ഒരു പതിവു ശബ്ദം, സ്വന്തം ഫോട്ടോയുടെ പ്രതികള്‍ തേടി സ്റ്റുഡിയോ കയറിയിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ നവോത്ഥാന ഛായകളും അപരിചിതമായ ഒരു പഴയ രൂപം കണ്ട് ഞെട്ടുന്നു.
അപരിചിതന് എന്ന കവിതയില്‍ കണ്ടെത്തിയ ശക്തിയുടെ സാന്നിധ്യമാണ് പ്രളയം എന്ന കവിതയിലൂടെ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളും സ്വാര്ഥകളും അസ്വസ്ഥകളും അശാന്തിയും നിറയുന്ന ഒരു കവിതയാണ് പ്രളയം.
പഴയ മാമൂലുകളും ആചാരങ്ങളും മുറുകെ പിടിച്ചുകൊണ്ട് തന്നെ പുരോഗമന ചിന്താഗതികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ ഭൂമിയുടെ വേരു താണ്ടി ലോകത്തിന്റെ അവസാനപഥം തേടുകയാണ്. ഇങ്ങനെപോയാല്‍ ഇനിയൊരു ലോകാവസാനം കൂടി സംഭവിക്കാനിടയുണ്ട്. വീണ്ടും ഒരു കലികാലവും പ്രളയവും വാരാനിടയുണ്ട്. അന്ന് ലോകമെമ്പാടും പ്രളയം വന്നപ്പോള്‍ സംരക്ഷിക്കാന്‍ പ്രതീക്ഷകല്‍ നല്കാന് ആ ലീലയില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണരൂപമുണ്ടായിരുന്നു. എന്നാല്‍ ഇനി വരുന്ന പ്രളയത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഒരു നാഥന്പോലുമുണ്ടാവുകയില്ല. പ്രതിക്ഷകളറ്റ് നാഥനില്ലാതെ തുടങ്ങുന്ന ശോചനീയമായ അവസ്ഥയിലേക്കാണ് ഈ കവിത ചൂണ്ടപ്പെടുന്നത്. നിയന്ത്രിത രേഖകല്‍ മുറിച്ചുകൊണ്ടുള്ള ജനതയുടെ പോക്ക് അവസാനിക്കുന്നത് ഇനിയൊരു വലിയ ദുരന്തത്തിലേക്കാണെന്ന അപകടസൂചനയാണ് പ്രളയം എന്ന കവിത നമുക്ക് നല്‍കുന്നത്.
‘ അവസാനത്തെ നാട്ടുവെളിച്ചവും വീണ്
ഉരുകിയൊലിച്ചുകൊണ്ടിരുന്ന തെരുവുകള്‍
പതുക്കെപ്പതുക്കെ തളര്ന്നുവറ്റി
ഇളിയ്ക്കുന്ന തെരുവുവെട്ടത്തില്‍
കരകളില്‍ അടിഞ്ഞ കരിനിഴലുകള്‍ ബാക്കിയായി,
ഞണുങ്ങിക്കരിഞ്ഞ അലുമിനിയം പാത്രങ്ങള്‍പോലെ,
ചുടലച്ചാരത്തിലെ കരിക്കട്ടകള്‍പോലെ;
ഇവരും ഭൂമിയുടെ ഉപ്പാകുന്നു’
മനുഷ്യമൂല്യങ്ങളുടെ ച്യുതി മനുഷ്യത്വത്തിനു സംഭവിക്കുന്ന നാശം അതാണ് കക്കാടിന്റെ കവിതകള്‍. അവയെ വളരെ പ്രയാസത്തോടുകൂടിതന്നെയാണ് അദ്ദേഹം നോക്കി കാണുന്നതും. നാടിന്റെ വിശുദ്ധിയും നഗരത്തിന്റെ പൈശാചികതയുമെല്ലാം അദ്ദേഹത്തിന്റെ കാവ്യലോകത്തേക്ക് നിരന്തരം പോരാടുമായിരുന്നു. പക്ഷേ പലപ്പോഴും ഗ്രാമനൈര്മ്മല്യത്തിന് കളങ്കം ചാര്‍ത്തിക്കൊണ്ട് നഗരത്തിന്റെ കൗടില്യതകള് ആര്ത്താടുകയാണ്. അവിടെ മനുഷ്യത്വം പ്രതിമകളാക്കപ്പെടുന്നു. സ്വാര്ഥതകള് പുതിയൊരു പകിട കളിയിലേക്ക് കോപ്പു കൂട്ടുകയാണ്. നഗരമധ്യത്തിന്റെ തിരക്കില്‍ വേര്‍പ്പെട്ടുപോയ ഒരമ്മയുടേയും മകന്റേയും കവിതയാണ് ‘ രണ്ട് പ്രതിമകകളുടെ കഥ’
‘അമ്മേ…’
ട്രാഫിക് ദ്വീപിലകപ്പെട്ടുണ്ണി വിളിച്ചു.
‘ ഉണ്ണീ…’
ചീറ്റിച്ചീറ്റിനുരഞ്ഞു പതഞ്ഞൊഴുകും
കടലിന്നക്കരെ നിന്നാളമ്മ
അന്തി തണുത്തു കനത്തു
മൃതിയുടെ വെട്ടമൊഴിച്ചു
കടഞ്ഞുമഹാനഗരരോദ്ധി
നിന്നു മഹാവര്ത്തമവയുത്രം
കാട്ടിച്ചുറ്റിയിഴഞ്ഞു
ശിശിരം സൂചിവര്ഷം കൊണ്ടുപൊതിഞ്ഞു.
ആര്‍ഷ പാരമ്പര്യത്തിന്റെ ചൈതന്യമുള്ക്കൊണ്ടവയായിരുന്നു കക്കാടിന്റെ കാവ്യലോകം. നാടന്ശീലവും താളവും അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മുഖമുദ്രയാക്കിയെങ്കിലും ആധുനികതയുടെ ഒരു നവകാവ്യലോകം അദ്ദേഹം തന്റെ രചനകളിലൂടെ നമുക്കായി ഒരുക്കിയിരുന്നു. കക്കാട് എന്ന കവിയെക്കുറിച്ചോര്ക്കുമ്പോള് ‘ സഫലമീയാത്ര’ എന്ന കവിത ഒരിക്കലും മറക്കാനാകില്ല. മനുഷ്യന്റെ മൂല്യച്ഛ്യുതിയേയും പരിസ്ഥിതിയേയും വിഷയമാക്കി അവതരിപ്പിച്ച അതീവ വൈകാരികമായ ഒരു കവിതയാണ് സഫലമീയാത്ര. മനുഷ്യ മനസ്സിന്റെ ഓരോ ഘട്ടവും സ്ഥിതിഗതികളും പ്രകൃതിയുമായി സമന്വയിപ്പിച്ചിരിക്കുകയാണ് ഈ കവിതയിലൂടെ.
മാരകമായ ഒരു രോഗത്തിനടിമയായി ആശുപത്രി വാര്‍ഡില്‍ കഴിയുന്ന കവി, അടുത്തു വരാന്‍പോകുന്ന ആതിരയ്ക്ക് അന്ത്യാഭിവാദനം അര്‍പ്പിക്കുന്നതിനോടൊപ്പം ആത്മപ്രേയസിയെ മെയ്യോടു ചേര്‍ത്ത് നിര്‍ത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതുമാണ് ഈ കവിത. അവയോടൊപ്പമെല്ലാം കവിയുടെ കാവ്യജീവിതത്തിലെ സഫലതയും ഈ കവിതയില്‍ ധ്വനിപ്പിക്കുന്നുമുണ്ട്.
” ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലോ സഖീ, ഞാനീ
ജനലഴി പിടിച്ചോട്ടു നില്ക്കട്ടെ നീയെന്നണീയത്തുതന്നെ നില്ക്കൂ,
ഇപ്പോഴേക്കു കൂടൊരു ചുമയ്ക്കടിയിടറിവീഴാം
1981ല്‍ കക്കാടിന് എന്തെന്നില്ലാത്ത ഒരസുഖം ബാധിച്ചു. അത് കാര്യമായി ചികിത്സ നടത്തിയപ്പോഴാണറിയുന്നത് അദ്ദേഹത്തിന് കാന്‍സര്‍ പിടിപെട്ടുവെന്ന്. ആ സമയത്താണ് സഫലമീയാത്ര എന്ന കവിതയെഴുതിയത്.
അദ്ദേഹത്തിന്റെ ഓര്‍മകളിലെ ഉത്സവകാലം, ഓണം, വിഷു, തിരുവാതിര, ആണ്ടറുതികളെല്ലാം കോര്‍ത്തിണക്കിയ ഒരു കവിതയായിരുന്നു അത്. ആ കവിത ഒരു നൊമ്പരമാണ് നല്‍കിയത്. സുഖമുള്ള ഒരു നൊമ്പരം. എത്ര തിരക്കിനിടയിലും അദ്ദേഹം കാവ്യരചനയ്ക്കുള്ള സമയം കണ്ടെത്തുമായിരുന്നു. ‘ സഫലമീയാത്ര’ എന്ന കവിത വായിച്ചപ്പോള്‍ ആസ്വാദകരെ ആകെ അത് അസ്വസ്ഥരാക്കി, നൊമ്പരപ്പെടുത്തി. എന്നിട്ടും ഒരു മാണിക്യ കല്ലുപോലെ എല്ലാവരും കാത്തു സൂക്ഷിക്കുകയാണ് കക്കാടിന്റെ സഫലമീയാത്ര എന്ന ഈ കവിത.
പിന്നീടദ്ദേഹത്തിന്റെ അസുഖമെല്ലാം മാറി. പതിവു ജീവിതത്തിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തിന്റെ ഉറ്റ മിത്രാദികളും സഹപ്രവര്‍ത്തകരും അദ്ദേഹത്തോടു മറ്റൊരു കവിത എവുതാനാവശ്യപ്പെട്ടു. ആ പ്രചോദനമാണ് ‘ നന്ദി തിരുവോണമേ നന്ദി’ എന്ന കവിതയ്ക്ക് കാരണമായത്.
നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലോ?
അടി മണ്ണിടിഞ്ഞു കടയിളകി
ച്ചരിഞ്ഞൊരുകുനുന്തുമ്പയില്
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ
നന്ദി തിരുവോണമേ നന്ദി…
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചുവെക്കനെ
പ്പടുതിരി കത്തിക്കഴിഞ്ഞു മണത്ത
കളിവിളക്കിന് ചിരി
ഇപ്പോഴോര്ക്കുന്നുവോ
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി തിരുവോണമേ നന്ദി.
മനുഷ്യമൂല്യച്ഛ്യുതികളും പരിസ്ഥിതി ബന്ധങ്ങളും നൊമ്പരത്തോടുകൂടി പകര്‍ത്തി തന്ന ആ പ്രതിഭ 1987 ജനുവരി ആറിന് വിട പറഞ്ഞു. എങ്കിലും ദുരിങ്ങള്‍ താണ്ടിവെട്ടി പുതുവഴിയിലൂടെ ശിരസ്സുയര്‍ത്തി തന്നെ തനിക്കാവോളം സഞ്ചരക്കാനായി എന്നു തന്നെയാണ് കക്കാടിന്റെ സാഫല്യബോധം. സഫലമായ യാത്രയ്ക്ക നന്ദി-വന്നുപോയ ആതിരകള്ക്ക് നന്ദി-കാലത്തിനും ഓണത്തിനും നന്ദി.