കോഴിക്കോട്: ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വടകര നഗരസഭയില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയര്‍മാനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദുവിനെയും കണ്‍വീനറായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡി.എസ്. ദില്‍നയെയും തെരഞ്ഞെടുത്തു. നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ പോലിസ്, മത്സ്യഫെഡ്, യുവജനക്ഷേമ ബോര്‍ഡ് എന്നീ വിവിധ വകുപ്പുകളും ഏജന്‍സികളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.
പദ്ധതിയുടെ ഭാഗമായി തീരം ശുചിയായി സംരക്ഷിക്കുന്നതിന് ശുചിത്വ തീരം ടീമുകള്‍ രൂപീകരിക്കും. കൂടാതെ ഇതുസംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായി ജൂലൈ 29ന് തീരദേശ വാര്‍ഡുകളില്‍ ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ എല്ലാവരും ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണമെന്നും തീരക്കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
തോടുകളിലും പുഴകളിലും അതുവഴി കടലിലേക്കും അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജലമലിനീകരണവും കടലോര പ്രത്യാഘാതങ്ങളും തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി. കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനര്‍മാരായി നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, കെ. വൈദേഹി എന്നിവരേയും വൈസ് ചെയര്‍മാന്‍മാരായി കെ.സി. പവിത്രന്‍, വി.കെ അസീസ്, അശോകന്‍ കുരിയാടി, സി. രാമകൃഷ്ണന്‍, പ്രേമന്‍, സി. കുമാരന്‍, കെ. പ്രകാശന്‍, പി. സോമശേഖരന്‍, പി. വ്യാസന്‍, ചൊക്രന്റവിട ചന്ദ്രന്‍, മഷൂദ്, വി. മീര, മണലില്‍ മോഹനന്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി പ്രജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. സജീവ് കുമാര്‍, സിന്ധു പ്രേമന്‍, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, കോസ്റ്റല്‍ പോലിസ് എസ്.എച്ച്.ഒ ദീപു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് എന്നിവര്‍ പങ്കെടുത്തു.