കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. വിവിധ പ്രദേശങ്ങളിലായി 19 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും ജില്ലാ ദുരന്തനിവാരണ സെല്‍ അറിയിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഈങ്ങാപ്പുഴ വില്ലേജിലെ കടിവെട്ടിച്ചാല്‍ എന്ന സ്ഥലത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ വില്ലേജിലെ പുത്തന്‍വീട്ടില്‍ മനോജ് കുമാറിന്റെ വീടിന് ഇന്നലെയുണ്ടായ മഴയില്‍ ഭാഗികനാശനഷ്ടം സംഭവിച്ചു. ഈങ്ങാപ്പുഴ വില്ലേജ്- ചാലില്‍ അമ്പലപ്പടി അബ്ദുര്‍റഹ്‌മാന്‍ കുട്ടിയുടെ വീടും ഭാഗികമായി തകര്‍ന്നു.
തിനൂര്‍ വില്ലേജില്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കാവില്‍ ചാക്കോയുടെ വീട്ടുമുറ്റത്ത് വിള്ളല്‍ ഉണ്ടാവുകയും മുറ്റത്തോട് ചേര്‍ന്നുള്ള ചുറ്റു മതില്‍ തകരുകയും ചെയ്തു. ഇനിയും വിള്ളല്‍ ഉണ്ടായാല്‍ വീട്ടിന്റെ വരാന്തയുടെ വലിയൊരു ഭാഗം തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടുകാരെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു. ചെങ്ങോട്ടുകാവ് വില്ലേജില്‍ എടക്കുളം പറമ്പില്‍ ഹൗസില്‍ ഷാജിയുടെ വീടിനു മുകളില്‍ തെങ്ങുവീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് താലൂക്ക് മാവൂര്‍ വില്ലേജിലെ മൊടനാരി ഷാജു (43) വാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.