ഗോട്ടബയ രാജ്യം വിട്ടു; ലങ്കയില്‍ അനിശ്ചിതകാല അടിയന്തരാവസ്ഥ

ഗോട്ടബയ രാജ്യം വിട്ടു; ലങ്കയില്‍ അനിശ്ചിതകാല അടിയന്തരാവസ്ഥ

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ലങ്കവിട്ട് മാലിദ്വീപിലേക്ക് കടന്നതായാണ് സൂചന. രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേക്കാണ് ലങ്കയില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം ഇപ്പോഴും ആളികത്തുകയാണ്. നേരത്തെ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി കൈയ്യേറിയിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് രാജ്യംവിട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇന്ന് രാജി വെക്കുമെന്നായിരുന്നു സ്പീക്കറോടും പ്രധാനമന്ത്രിയോടും ഗോട്ടബയ അറിയിച്ചിരുന്നത്.

ഈയൊരു സാഹചര്യത്തിലാണ് അദ്ദേഹം നാടുവിട്ടിരിക്കുന്നത്. ആന്റണോവ്- 32 എന്ന സൈനിക വിമാനത്തിലാണ് ഗോട്ടബയയ രാജ്യം വിട്ടതെന്നും അദ്ദേഹത്തോടൊപ്പം ഭാര്യയും അംഗരക്ഷകരും ഉണ്ടായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
അതേ സമയം രാജ്യം വിടാന്‍ ഗോട്ടബയയെ ഇന്ത്യ സഹായിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനാധിപത്യ സംവിധാനത്തിന് അകത്തുനിന്നു കൊണ്ടും ഭരണഘടനാ ചട്ടക്കൂട് അനുസരിച്ചും ശ്രീലങ്കന്‍ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നും ഹൈക്കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *