കൊല്ലം: റിസര്‍വ് വനമേഖലയില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ വ്ളോഗര്‍ അമല അനുവിനെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനംവകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരകന്‍ അമലയോട് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമല അനുവിനെ പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം.
എട്ടുമാസം മുമ്പാണ് കേസിനാസ്പദമായം സംഭവം നടക്കുന്നത്. കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയ അമല വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഹെലിക്യാം ഉള്‍പ്പെടയുള്ളവ കണ്ടതോടു കൂടി കാട്ടാന വിരണ്ടോടിയിരുന്നു. ഈ ദൃശ്യങ്ങള്‍ അമല അനു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.
വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണ സംഘം പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.