ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലായെന്നും കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരവും കൂടിയാലോചനകള്‍ നടത്തിയാണ് ഇടപാട് നടത്തിയതെന്നുംമാണ് സര്‍ക്കാര്‍ കോടിതിയെ അറിയിച്ചത്.
വായ്പാ തിരിച്ചടവിന് സഭ വിറ്റ ഭൂമിക്ക് സെന്റിന് ഒമ്പത് ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് 2.43 ലക്ഷം മുതല്‍ 10.75 ലക്ഷം രൂപ വരെയാണ്. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവര്‍ അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തതെന്നും നിയമവിരുദ്ധമായ ഒന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലായെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ഹരജി പരിഗണിക്കുന്നത്.