ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിവാദം കനക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം അനാച്ഛാദനം ചെയ്തത്. എന്നാല്‍ സ്തംഭത്തിന് കാര്യമായ രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. ഭരണഘടനാ വിരുദ്ധമായാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന ആരോപണവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.
യഥാര്‍ഥ അശോകസ്തംഭം സൗമ്യമായ ആവിഷ്കാരമാണെങ്കില്‍ പുതിയത് നരഭോജിയെപ്പോലെയാണെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു . അശോകസ്തംഭത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാനാവില്ലായെന്നും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. അനാച്ഛാദന ചടങ്ങില്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്സയോടും യഥാര്‍ഥ സ്തംഭത്തെ മഹാത്മഗാന്ധിയോടും താരതമ്യപ്പെടുത്തിയാണ് വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത്ഭൂഷണ് പ്രതികരിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എമ്മും പ്രസ്താവനയില്‍ വ്യക്തമാക്കി.