കോഴിക്കോട്: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് എലത്തൂര്‍ നിയോജകമണ്ഡലത്തിലെ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികളായി. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പെരിങ്ങിനി ജംഗ്ഷന്‍, മൊകവൂര്‍-കുനിമ്മല്‍താഴം എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകള്‍ (എസ്.വി.യു.പി) നിര്‍മിക്കുന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ബൈപ്പാസിന് സമീപത്തെ റോഡ്, ഇടവഴി, പറമ്പ് എന്നിവിടങ്ങളിലെ വെള്ളം ഒഴുക്കികളയുന്നതിന് അഡീഷണല്‍ ഡ്രെയ്‌നേജ് നിര്‍മിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിന് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ എറ്റവും അടുത്ത ബൈപ്പാസ് കല്‍വര്‍ട്ടിലേക്ക് ബന്ധിപ്പിച്ച് ഡ്രൈനേജുകള്‍ നിര്‍മിക്കാനും തീരുമാനമായി. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് ബൈപ്പാസിലേക്ക് എത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വി.പി മനോജ്, എസ്.എം തുഷാര, ഇ.പി സഫീന, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ രാജ്ചന്ദ്രപാല്‍, മുഹമ്മദ് ഷഫീന്‍, കണ്‍സള്‍ട്ടിംഗ് ടീം ലീഡര്‍ കെ.പി പ്രഭാകരന്‍ , കണ്‍സള്‍ട്ടിംഗ് എന്‍ജിനീയര്‍ പി.എന്‍ ശശികുമാര്‍, കരാറുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.