ഖാദിയില്‍ നിര്‍മിച്ച ദേശീയ പതാകയ്ക്ക് പകരമായി ചൈനയില്‍ നിര്‍മിക്കുന്ന പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാകകള്‍ ഇറക്കുമതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്, സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്ര പിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും അവസാനത്തെ നടപടിയായെ കാണാന്‍ കഴിയുകയുള്ളൂ.മഹാത്മാവിന്റെ പവിത്രമായ സ്മരണകള്‍ പോലും തീവ്ര ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം ഗാന്ധി പ്രത്രിമകള്‍ തച്ചുടക്കുകയും ഗാന്ധി നിന്ദ തുടരുകയും ചെയ്യുന്നു. സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായിട്ടാണ് ഖദര്‍ വസ്ത്രത്തെ ഗാന്ധിജി കണ്ടത്. ദാരിദ്രത്തിലും പട്ടിണിയിലും ആണ്ടു കിടന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ ലക്ഷോപലക്ഷം ദരിദ്രനാരായണന്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ഖാദിയും കുടില്‍ വ്യവസായങ്ങളും ഒരു വലിയ അളവോളം സഹായകമായിരിക്കുമെന്ന് മഹാത്മാവ് ദീര്‍ഘദര്‍ശനം ചെയ്തു.
1918 ലാണ് ഖാദി പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിച്ചത്. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയായിരുന്നു ഖാദി പ്രചാരണം. ലങ്കാഷെയറിലും മാഞ്ചസ്റ്ററിലും നിര്‍മിച്ച വസ്ത്രങ്ങള്‍ ബ്രിട്ടീഷുകാര്‍ വ്യാപകമായി ഇറക്കുമതി ചെയ്യുമ്പോള്‍ അത് നമ്മുടെ തൊഴിലവസരം നഷ്ടമാക്കുന്നുവെന്ന തിരിച്ചറിവു കൂടി ഗാന്ധിജിക്കുണ്ടായിരുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണത്തിന്റെ പിന്നില്‍ ഗാന്ധിജി കണ്ടെത്തിയ സൂത്രവാക്യം കൂടിയായിരുന്നു ഖാദി .
‘ Make in India’ ആപ്തവാക്യമായി അധരവ്യായാമം നടത്തുന്ന പ്രധാനമന്ത്രി മോദി, ചൈനയില്‍ നിന്ന് കോടിക്കണക്കിന് പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാക ഇറക്കുമതി ചെയ്യുകയാണ്. സ്വദേശിയും ‘സ്വാവലംബനും ‘മെയ്ക് ഇന്‍ ഇന്ത്യ’ യുമെല്ലാം ഒരു ജനതയെ കബളിപ്പിക്കാനുള്ള അര്‍ഥശൂന്യമായ പദപ്രയോഗങ്ങള്‍ മാത്രമാണ് . ആഗോള മൂലധന ശക്തികളെയും ഇന്ത്യന്‍ മുതലാളിത്തത്തെയും കണക്കിലേറെ സഹായിക്കുകയും കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷകന്‍മാരായി മാറുകയും ചെയ്തിരിക്കുകയാണ് മോദിയും സംഘവും. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി മോദി സര്‍ക്കാര്‍ ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഓരോ വീട്ടിലും ഒരു ചൈനീസ് നിര്‍മിത പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാക നല്‍കാന്‍ തീരുമാനിച്ച പ്രധാന മന്ത്രി, ഖാദി പതാകകള്‍ 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ എത്ര പതിനായിരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക്, സ്വദേശിയെക്കുറിച്ചും സ്വാശ്രയത്തെക്കുറിച്ചും സ്വാഭിമാനത്തെ കുറിച്ചും പറഞ്ഞാല്‍ എങ്ങിനെ മനസ്സിലാകും.
പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാകകള്‍ ചൈനയില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ഇറക്കുമതി ചെയ്യുക വഴി മോദിയും ബി.ജെ.പിയും സ്വാതന്ത്ര്യ സമരത്തെയും നാടിന് വേണ്ടി ആത്മ സമര്‍പ്പണം നടത്തുകയും ചെയ്ത പതിനായിരങ്ങളെ അപമാനിച്ചിരിക്കയാണ്. അല്‍പമെങ്കിലും സ്വാഭിമാനവും രാജ്യ സ്‌നേഹവുമുണ്ടങ്കില്‍ ചൈനയില്‍ നിന്ന് പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാകകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിവേകം ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് വഴി കാട്ടിയാകട്ടെ . വെളിച്ചമേ നയിച്ചാലും…