തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശത്തില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ പ്രതി നിരപാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശിക്ഷിക്കാന്‍ തക്ക തെളിവുകളില്ലെന്നുമാണ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറഞ്ഞിരുന്നത്. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് നില്‍ക്കുന്നത്.
അതേസമയം ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ‘ന്യായീകരണവുമായി രംഗത്തെത്തുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നാണ് അതിജീവിതയുടെ കുടുംബം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണം വേണമെന്ന് ആവശ്യവുമായി പി.സി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വഴി പ്രതികരിച്ചു.
അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേസിനെ ഒരു തരത്തിവും ബാധിക്കുകയില്ലായെന്നും സര്‍വീസില്‍ നിന്ന് ഇറങ്ങിയതിന്റെ അടുത്ത ദിവസം മുതല്‍ അവര്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാമ്പയിന്റെ തലപ്പത്തിരുന്നു ജോലി ചെയ്യുകയാണെന്നും സംവിധായകന്‍ ബാലചന്ദ്രകമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതെന്നും. ആര്‍.ശ്രീലേഖ നേരത്തെയും ദിലീപിന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന ഒരാള്‍ കേസ് കോടതിയിലിരിക്കെ ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്ന അഭിപ്രായവുമായി ഉമാതോമസും ശ്രീലേഖയ്‌ക്കെതിരേ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.ടി തോമസ് ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഈ കേസ് പുറംലോകം അറിയില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.