കൊച്ചി: താന്‍ ഒരു വര്‍ഗീയ വാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. ഇനി പോകുകയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ആര്‍.എസ്.എസുകാരന്റേയും സംഘ്പരിവാറുകാരന്റെയും വര്‍ഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരേ രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അതില്‍ ആദ്യത്തേത് 2006ല്‍ ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്നതാണ്. എന്നാല്‍ അത് ആര്‍.എസ്.എസ് പരിപാടി ആയിരുന്നില്ല. രണ്ടാമത്തേത് 2013ല്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ ആയിരുന്ന പി. പരമേശ്വരന്റെ ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ പുസ്തകം പ്രകാശന ചടങ്ങിലാണ് താന്‍ പങ്കെടുത്തതതെന്നും തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2013ലെ ആ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ ആയിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനും ബാധകമാണ്. പി.പരമേശ്വരനെ ആര്‍.എസ്.എസുകാരാനായി മാത്രമല്ല കേരളം കണ്ടതെന്നും അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത്. ബി.ജെ.പിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് സി.പി.എമ്മുകാരാണ്. സജി ചെറിയാനെ തള്ളി പറയാത്ത ബി.ജെ.പി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഗോള്‍വാള്‍ക്കറുമായി ബന്ധപ്പെട്ട പരമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.