അഗ്‌നി പകര്‍ന്ന്‌ പച്ചിലച്ചെടികള്‍; പ്രകൃതിയുടെ അദൃശ്യ വിസ്മയം

അഗ്‌നി പകര്‍ന്ന്‌ പച്ചിലച്ചെടികള്‍; പ്രകൃതിയുടെ അദൃശ്യ വിസ്മയം

ദിവാകരന്‍ ചോമ്പാല

മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ വിരലമര്‍ത്തിയാല്‍ തെളിഞുമിന്നുന്ന കുഞ്ഞു വെളിച്ചത്തില്‍ വഴിനടക്കുന്നവരാണ് നമ്മളില്‍ പലരുമിപ്പോള്‍. എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാരില്‍ പലരും കൈയ്യില്‍ ഓലച്ചൂട്ടുവീശി ഇടവഴികളിലൂടെയും പാടവരമ്പിലൂടെയുംമൊക്കെ രാത്രികാലങ്ങളില്‍ വഴിനടന്നവരാണ്.
അതിനുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അരണിമരം കടഞ്ഞുണ്ടാക്കുന്ന അഗ്‌നി ഉപയോഗിച്ചാണ് ഭാരതത്തില്‍ മഹായാഗങ്ങള്‍ പലതും നടന്നിരുതെന്ന വിവരം നമുക്കുണ്ട് പ്രാചീന മനുഷ്യന്‍ കാട്ടുതീയില്‍ നിന്നാണ് തീ പകര്‍ന്ന് സൂക്ഷിച്ചത്. എന്നാല്‍ വ്യാസമഹാമുനി രചിച്ച മഹാഭാരതത്തിലെ മുഖ്യകഥാപാത്രങ്ങളായ പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് രാത്രികാലങ്ങളില്‍ വഴിനടന്നിരുന്നത് ഒരുപ്രത്യേകതരം ചെടിയുടെ തളിരിലകളുടെ അഗ്രഭാഗത്ത് തീ കൊളുത്തി അതിനെ കൊച്ചു തീപ്പന്തങ്ങളാക്കിക്കൊണ്ടായിരുന്നുവെന്ന വിചിത്രമായ ഒരറിവാണു ഞാനിവിടെ പങ്കുവയ്ക്കുന്നത്. പലര്‍ക്കും ഇതറിയാവുന്ന കാര്യമാവാം. അറിയാത്തവരുമുണ്ട്. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”എന്ന പറച്ചില്‍ പോലെയാണ് ഈ ചെടിയുടെ കഥ.

പാണ്ഡവര്‍ബട്ടി

അതി കഠിനമായ വരള്‍ച്ചയെപ്പോലും സൗമ്യഭാവത്തില്‍ സ്വീകരിക്കാന്‍ കഴിവുള്ള ഈ ചെടി കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും കൃഷി ശാസ്ത്രജ്ഞന്മാര്‍ക്കും പിടികിട്ടാത്ത മഹാത്ഭുതമാണ്. ഇന്ത്യ-ശ്രീലങ്ക പശ്ചിമഘട്ടം തുടങ്ങിയ ഇടങ്ങളിലെല്ലാം സമൃദ്ധയായി കണ്ടുവരുന്ന ഈ കൊച്ചുമരം പാണ്ഡവര്‍ബട്ടി, ഫ്രഞ്ച് മള്‍ബ്ബറി, ഉമതേക്ക്, തിന്‍പെരിവേലം, കമ്പിളി മലയന്‍, ലിലാക്, പാണ്ഡവര്‍ ടോര്‍ച്ച് അങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ സസ്യത്തിന്റെ ശാസ്ത്രീയ നാമം Callicarpa tomentosa എന്നാണ്. വൈദ്യുതിയില്ലാത്ത കാലഘട്ടങ്ങളില്‍ ആദിവാസി ഗോത്രസമൂഹത്തിലുള്ളവര്‍ വെളിച്ചത്തിനായി ഈ ചെടിയെ ആശ്രയിച്ചിരുന്നതായാണ് ചരിത്രാന്വേഷികള്‍ വ്യക്തമാക്കുന്നത്.

ഈ തളിരിലകള്‍ എണ്ണതീരുന്നവരെ തെളിഞ്ഞുകത്തിയിരുന്നതും പ്രപഞ്ചസൃഷ്ട്ടാവിന്റെ ഓരോ മായക്കാഴ്ച്ചതന്നെ !. അല്ലാതെന്തുപറയാന്‍. കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഈ ചെടി പണ്ടുള്ളവര്‍ നട്ടിരുന്നുവത്രെ. എന്നിരുന്നാലും അതിശൈത്യം ഈ ചെടിക്ക് താങ്ങാന്‍ പറ്റുകയില്ലെന്നുമറിയുന്നു. അഞ്ച് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ കുറ്റിച്ചെടിയില്‍ എല്ലാകാലത്തും മനോഹരമായ പര്‍പ്പിള്‍ നിറത്തില്‍ പൂക്കള്‍ വിരിയുന്നു.പാണ്ഡവര്‍ബട്ടിയുടെ മരത്തൊലി തമിഴ്നാട്ടുകാര്‍ വെറ്റിലക്ക് പകരമായി ഉപയോഗിക്കാറുണ്ട്. വെറ്റിലപ്പട്ട എന്നാണിത്തിന്റെ പേര്.

ഇലക്കും വേരിനും ഔഷധഗുണമുള്ള ഈ ചെടിയുടെ തളിരിലകള്‍ തമിഴ്‌നാട്ടില്‍ അയ്യനാര്‍ക്ഷേത്രം, ഭൈരവര്‍ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ വിളക്കില്‍ തിരി തെളിയിക്കുന്ന തോതില്‍ ഉപയോഗിച്ചിരുന്നു .ഇതുപോലുള്ള മറ്റൊരു ചെടിയാണ് അഗ്‌നിപത്രി അഥവാ പെരുംതുമ്പ എന്ന കത്തുന്ന തുളസി. ഇതിന്റെ പച്ചിലകള്‍ പറിച്ചെടുത്ത് നമ്മുടെ കൈവെള്ളയിലിട്ട് നേര്‍ത്ത തോതില്‍ ചുരുട്ടി തിരിപോലെയാക്കി എണ്ണവിളക്കില്‍ തിരിയിട്ടു ദീപം തെളിയിച്ചാല്‍ എണ്ണ തീരും വരെ ഈ തിരി തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും. മുനിമാര്‍ പണ്ടുകാലങ്ങളില്‍ വിളക്കുതിരിയായി അഗ്‌നിപത്രിയുടെ ഇലകള്‍ ചുരുട്ടി ഉപയോഗിച്ചിരുന്നതായും അറിയുന്നു . ഈ ചെടികളുടെ വിത്തുകളും തൈകളും ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലെ ജൈവകര്‍ഷകന്‍ ഷിംജിത് തില്ലങ്കേരി തയ്യാറുണ്ട്. ആവശ്യക്കാക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9447361535.

 

Share

Leave a Reply

Your email address will not be published. Required fields are marked *