ലണ്ടന്‍: കുട്ടികള്‍ക്ക് പേരിടുന്നതില്‍ നാം വളരെയധികം ശ്രദ്ധിക്കും. മികച്ച പേരുകള്‍ കണ്ടെത്താന്‍ മറ്റു വ്യക്തികളോടടക്കം ഇന്റര്‍നെറ്റുകളെയും നാം ആശ്രയിക്കുന്നു. ഇംഗ്ലണ്ടില്‍ കുട്ടികള്‍ക്കിടുന്നവയില്‍ 2022 ല്‍ ഏറ്റവും പ്രശസ്തമായ 100 പേരുകളില്‍ ആണ്‍കുട്ടികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുഹമ്മദ് എന്നും പെണ്‍കുട്ടികളുടെ പട്ടികയില്‍ ലില്ലി എന്ന പേരുമാണ് ഒന്നാം സ്ഥാനത്ത്.
ഗര്‍ഭധാരണം, പ്രസവം, തുടങ്ങിയവയുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രശസ്തരായ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ ബേബി സെന്റര്‍ ആണ് ബ്രിട്ടണില്‍ കുട്ടികള്‍ക്കിടുന്ന ജനപ്രിയ നാമങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ആണ്‍കുട്ടികളുടെ പട്ടികയില്‍ ആദ്യമായാണ് മുഹമ്മദ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. നോഹയാണ് രണ്ടാം സ്ഥാനത്ത്. ജാക്ക്, തിയോ, ലിയോ ഒലിവര്‍, ജോര്‍ജ്, ഏഥന്‍, ഓസ്‌കാര്‍, ആര്‍തര്‍ എന്നിവ യഥാക്രമം വരുന്നു.
പെണ്‍കുട്ടികളുടെ പട്ടികയില്‍ സോഫിയ രണ്ടാം സ്ഥാനത്തും ഒലിവിയ മൂന്നാം സ്ഥാനത്തുമാണ്. അമേലിയ, അവ, ഇസ്‌ല, ഫ്രേയ, ആര്യ, ഐവി, മിയ എന്നിവ യഥാക്രമം വരുന്നു.
രാജകുടുംബത്തിലെ കുട്ടികളുടെ പേരുകള്‍, ഉന്നതരുടെ പേരുകള്‍ എന്നിവ ഈ വര്‍ഷത്തെ റാങ്കിംഗിനെ ബാധിച്ചതായി പറയുന്നു. ഹാരി രാജകുമാരന്റെയും മേഗന്റെയും മകള്‍ ലില്ലിബെറ്റില്‍ എന്ന പേരില്‍ നിന്ന് പ്രോചദനം ഉള്‍ക്കൊണ്ടിട്ടുണ്ട് പലരും, അതിനാല്‍ ‘ലില്ലി’ ആണ് പെണ്‍കുട്ടികളുടെ പേരുകളുടെ പട്ടികയില്‍ ഒന്നാമത്.
ഇതിന് പിന്നാലെ സോഫിയ എന്ന പേര് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും മുന്നിലുണ്ടായ ഓപ്ഷനായ ഒലീവിയ മൂന്നാം സ്ഥാനത്തേക്ക് വീണു. കൂടാതെ, വര്‍ഷങ്ങളോളം പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച 100 പേരുകളില്‍ ഉള്‍പ്പെട്ടിരുന്ന ‘ആംബര്‍’ ആദ്യമായി പട്ടികയില്‍ നിന്ന് പുറത്തായി. ജോണ്‍ ഡെപ് കേസ് ഇതിന് കാരണമായി എന്നാണ് വിവരം.
ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, മുഹമ്മദും നോഹയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയതിനാല്‍. വര്‍ഷങ്ങളായി മൂന്നാം സ്ഥാനം നേടിയിരുന്നു ഒലിവര്‍ എന്ന പേരിനെ ജാക്ക് എന്ന പേര് നാലാം സ്ഥാനത്തേക്ക് തള്ളി മൂന്നാം സ്ഥാനം നേടി. ഒരു കാലത്ത് ഫെവറേറ്റ് ആയ ഫ്രെഡിയും ഹാരിയും ഇപ്പോള്‍ ആദ്യ 10-ല്‍ ഇല്ല, അതേസമയം ഏഥനും ഓസ്‌കറും റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തും എത്തി.