കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് ‘ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ ഭാഗത്തെ മുണ്ടകന്‍ കനാല്‍ ശുചീകരിച്ചു. മലിനജലം കെട്ടിക്കിടന്ന കനാല്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. ഏകദേശം 6.5 കിലോമീറ്റര്‍ നീളത്തിലുള്ള കനാലിന് കോര്പറേഷന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി വശങ്ങള് കെട്ടി. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് കനാലിന്റെ ഒഴുക്ക് നിലച്ച് പ്രദേശത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. ഈ അവസ്ഥയ്ക്ക് വലിയ മാറ്റമാണ് നിലവില്‍ വന്നിരിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ജില്ലാ ശുചിത്വ മിഷന്, ജലവിഭവ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ശുചീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ കൗണ്‍സിലര്‍മാര്‍, ജനകീയ കൂട്ടായ്മ, വിദ്യാര്‍ത്ഥികള്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.