ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരേ ഉത്തര്‍പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡല്‍ഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകള്‍ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീം കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും. ഈ കേസില്‍ കൂടി ജാമ്യം നേടിയാല്‍ മാത്രമേ സുബൈറിന് ജയില്‍ മോചിതനാകാന്‍ സാധിക്കൂ.
2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിദേശ ഫണ്ടിങ് നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകളും പിന്നീട് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് സുബൈറാണ്.