കൊച്ചി: സംസ്ഥാന പോലിസ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ കോടതി സ്വപ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി നിലനില്‍ക്കുമോ എന്ന കാര്യം വാദം കേട്ട ശേഷം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്‍പ്പെടെ പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഢാലോചന ആരോപിച്ച് കെ.ടി ജലീല്‍ എം.എല്‍.എ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചുവെന്നുമാണ് സ്വപ്നയുടെ ആരോപണങ്ങള്‍.
ഇത് സംബന്ധിച്ച് കോടതിയില്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയതിന് ശേഷമായിരുന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്. മുന്‍മന്ത്രി കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും രഹസ്യമൊഴിയില്‍ വെളിപ്പെടുത്തലുകളുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.