ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജവീഡിയോ കെട്ടിച്ചമച്ച കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി. കേസ് ഫയല്‍ ചീഫ് ജസ്റ്റിസിന് മുന്നിലാണെന്നും ഈ ബെഞ്ചില്‍ ഹരജി വരണമെന്നില്ലെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ഹരജിയുടെ കാര്യം ബുധനാഴ്ച പരാമര്‍ശിച്ചിരുന്നുവെന്നും കേസ് നമ്പര്‍ കിട്ടിയിട്ടുണ്ടെന്നും രോഹിത് രഞ്ജന്റെ അഭിഭാഷകന്‍ സിദ്ധര്‍ഥ് ലൂഥ്‌റ ബോധിപ്പിച്ചതിനു പിന്നാലെയാണ് കോടതി ഇക്കര്യം അറിയിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് അവതാരകനെതിരേ കേസ്. സംഭവത്തില്‍ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേയും കേസുണ്ട്. ഛത്തീസ്ഗഡ് പോലിസാണ് റാത്തോറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാത്തോറിനെ കൂടാതെ മറ്റ് നാല് പേര്‍ക്കെതിരേയും സംഭവത്തില്‍ ഛത്തീസ്ഗഡ് പോലിസ് കേസെടുത്തിട്ടുണ്ട്. വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താ ചാനലായ സീ ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.