കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സി.എസ്.ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച്.ആര്‍.ഡി.എസ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനത്തെ നിരന്തരം വേട്ടയാടുകയാണ്. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയത് കൊണ്ടാണ് സ്വപ്നയെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്ന് അദ്ദേഹം പറഞ്ഞു.
നാലു മാസത്തോളം പാലക്കാട് എച്ച്.ആര്‍.ഡി.എസില്‍ ജോലി ചെയ്ത സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്.ആര്‍.ഡി.എസ് ആണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചിരുന്നു.