തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് രാജി തീരുമാനത്തില്‍ നിര്‍ണായകമായത്. രണ്ടാം പിണറായി മന്ത്രി സഭയിലെ ആദ്യ രാജിയാണിത്. സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നല്‍കി.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ശേഷം സജി ചെറിയാന്‍ വിഷയം ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. വിവാദ പ്രസംഗത്തിനു ശേഷം സജി ചെറിയാന്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗമായിരുന്നിത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ രാഷ്ട്രീയ തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
താന്‍ എന്തിന് രാജിവയ്ക്കണമെന്ന നിലപാടില്‍ത്തന്നെയായിരുന്നു സജി ചെറിയാന്‍. എ.കെ.ജി സെന്ററില്‍ നടന്ന അവയ്‌ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെയാണ് രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.